കോട്ടയം: ബൈക്ക് യാത്രക്കാരന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് സ്വർണ്ണമാല കവർന്ന കേസിൽ രണ്ടു പേർ അറസ്റ്റിൽ. ആറന്മുള മാലക്കര തോണ്ടുതറയിൽ ലിജു സി. മാത്യു (23), മുളക്കുഴ കാരക്കാട് ആര്യഭവനിൽ അഖിൽ (23) എന്നിവരെയാണ് ചെങ്ങന്നൂർ സി.ഐ എം.സുധിലാൽ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ആലപെണ്ണുക്കര ദേവീക്ഷേത്രത്തിനു സമീപം ശ്രീകാർത്തികയിൽ ഗണേഷ് കരുണാകരൻ നായരെയാണ് (39) സംഘം ആക്രമിച്ച് ഒൻപതര പവന്റെ മാല തട്ടിയെടുത്തത്. ചൊവ്വാഴ്ച രാത്രി 10ന് പെണ്ണുക്കര-പളളിമുക്ക് റോഡിലാണ് സംഭവം.
ചെങ്ങന്നൂർ ടൗണിൽ നിന്ന് ഭക്ഷണം വാങ്ങി മടങ്ങുകയായിരുന്ന ഗണേശിനെ പെണ്ണുക്കര മാർത്തോമ്മ പളളിയുടെ സമീപം മറ്റൊരു ബൈക്കിൽ പിൻതുടർന്നെത്തിയ സംഘം തടഞ്ഞു നിർത്തി. ഗണേശിന്റെ കൈയിലെ ടാറ്റു കാണട്ടെയെന്ന് പറഞ്ഞാണ് പിടിച്ചുനിർത്തിയത്. കൈയിൽ കരുതിയ മുളകുപൊടി മുഖത്തുവിതറി ഗണേശിനെ മർദ്ദിച്ചു. ഇതിനിടെ ഗണേശിന്റെ കഴുത്തിലുണ്ടായ മാല ലിജു പൊട്ടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. ഇതോടെ ഗണേശിനെ ബൈക്കിൽ നിന്ന് ചവിട്ടി റോഡിലിട്ടശേഷം മാലപൊട്ടിച്ച് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.
ബഹളംകേട്ട് നാട്ടുകാർ ഗണേശിനെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബഹറിനിൽ ജോലിയിലായിരുന്ന ഗണേശ് മസ്തിഷ്ക സംബന്ധമായ രോഗത്തിന് ചികിത്സയിലാണ്. സംഭവം അറിഞ്ഞെത്തിയ പൊലീസ് കേസ് എടുത്ത് പ്രത്യേക ടീമായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്. ഗണേശ് സഞ്ചരിച്ച വഴിയിലെ സി.സി.ടി.വി കാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ലിജുവിനെ കൊല്ലത്തുനിന്നും അഖിലിനെ ചെങ്ങന്നൂരിൽ നിന്നുമാണ് പിടികൂടിയത്.
പൊട്ടിച്ചെടുത്ത മാല പ്രതികൾ ചെങ്ങന്നൂരിലെ ഒരു ജുവലറിയിൽ 1.60ലക്ഷം രൂപയ്ക്ക വിറ്റിരുന്നു. ഇവർ സഞ്ചരിരുന്ന ബൈക്കും തൊണ്ടിമുതലും പൊലീസ് കണ്ടെത്തി.