bus-bay

വൈക്കം : ആധുനിക ബസ് ബേ വന്നപ്പോൾ ബസ്സുകൾക്ക് റോഡ് തറവാട്ടുമുറ്റം പോലെ. നടുറോഡിൽ നിർത്തിയാണ് ആളുകളെ കയറ്റുന്നത്. പൊലീസ് സ്റ്റേഷന് മുന്നിൽ പുതിയ ബസ് ബേ പണികഴിപ്പിച്ചത് രണ്ട് മാസം മുൻപാണ്. അതിന് മുൻപും ഇവിടെ ബസ് സ്റ്റോപ്പുണ്ടായിരുന്നു. ചെറിയൊരു കാത്തിരുപ്പ് കേന്ദ്രവും. അന്ന് ബസ്സുകൾ റോഡരുകിൽ ഒതുക്കിയാണ് നിർത്തിയിരുന്നതെങ്കിൽ ആധുനിക ബസ് ബേ വന്നപ്പോൾ മട്ടുമാറി. റോഡിലൂടെ ഓടി വരുന്ന വഴി നടുക്ക് തന്നെ നിറുത്തി ആളെ കയറ്റിയിറക്കുകയാണ് ചെയ്യുക. ഇത് വലിയ ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ട്.

ബസ് ബേ യുടെ മേൽക്കൂര ഉയരത്തിൽ റോഡിന്റെ പകുതിയോളം കവർന്നാണ് നിൽക്കുന്നത്. യാത്രക്കാർക്ക് മഴയും വെയിലുമേൽക്കാതെ ബസ്സിൽ കയറുന്നതിനാണിത്. ഇത് സൗകര്യമാക്കിയാണ് ബസ്സുകൾ നടുറോഡിൽ നിർത്തുന്നത്. ബസ്സുകൾ റോഡിന്റെ നടുക്ക് നിർത്തുന്നത് പതിവായതോടെ യാത്രക്കാരും ഇപ്പോൾ റോഡിലാണ് ബസ് കാത്ത് നിൽക്കുക. ക്യാബിനുകളായി തിരിച്ചിട്ടുള്ള ബസ് ബേയിലെ ബഞ്ചുകളിലിരുന്നാൽ ബസ് വരുന്നത് കാണാനാവില്ല എന്നതും യാത്രക്കാരെ റോഡിലിറങ്ങി നിൽക്കാൻ പ്രേരിപ്പിക്കുന്നു.