ചങ്ങനാശേരി: ഇത്തിത്താനം കുറിഞ്ഞിമുക്ക് കാർഗിൽ കല്ലപ്പള്ളി റോഡ് പൊട്ടിപ്പൊളിഞ്ഞു.
തകർന്ന റോഡ് നവീകരിക്കാൻഎം.എൽ.എ ഫണ്ട് അനുവദിച്ചിട്ട് രണ്ടു വർഷമായെങ്കിലും നവീകരണം മാത്രം എങ്ങുമെത്തിയില്ല.
റോഡിലെ മണ്ണ് പൂർണമായും ഒലിച്ചുപോയി. ഉയർന്നതും കല്ലുകൾ നിറഞ്ഞ പ്രദേശം കൂടി ആയതിനാൽ റോഡിലാകെ പാറകൾ ഉയർന്നു നിൽക്കുന്ന സ്ഥിതിവിശേഷമാണുള്ളത്.
അതിനാൽ കാൽനടയാത്രപോലും ദുഷ്കരമാണ്. ഇരുചക്രവാഹനങ്ങൾ പോലും ഇതുവഴി കടന്നുപോകുന്നത് വളരെ പ്രയാസപ്പെട്ടാണ്. നിരവധി വീടുകൾ ഈ പ്രദേശത്ത് സ്ഥിതി ചെയ്യുന്നുമുണ്ട്. കല്ലപ്പള്ളി, കാർഗിൽ തുടങ്ങിയ സ്ഥലത്തേയ്ക്ക് ഓട്ടോറിക്ഷ പോലും കടന്നു ചെല്ലില്ല.
ഇവിടെ കുറച്ചു ഭാഗം കോൺക്രീറ്റ് ചെയ്തിട്ടുണ്ടെങ്കിലും യാത്ര ദുസഹമാണ്. റോഡിൽ നിറയെ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്.
വഴിവിളക്കുകൾ ഇല്ലാത്തതും ഇഴജന്തുക്കളുടെ ശല്യവും പ്രദേശവാസികൾക്ക് ഇരുട്ടടിയായി. അത്യാവശ്യഘട്ടങ്ങളിൽ ആശുപത്രിയിലേക്കോ മറ്റ് ആവശ്യങ്ങൾക്കോ പോകാനാകാത്ത സ്ഥിയാണ്.
ഒപ്പം ഉയർന്ന പ്രദേശമായതിനാൽ കുടിവെള്ള ക്ഷാമവുമുണ്ട്.
പഞ്ചായത്ത് അധികൃതർ റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ച് സഞ്ചാരയോഗ്യമാക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.