ചങ്ങനാശേരി: കാടുപിടിച്ചു കിടന്ന വനിതാ വിപണന കേന്ദ്രം നവീകരിക്കും. പട്ടികജാതി വനിതകളെ സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ഉത്പന്ന വിപണന കേന്ദ്രത്തിനായി പണിത കെട്ടിടമാണ് നവീകരിക്കുന്നത്.ഇതിന്റെ ഭാഗമായി കെട്ടിടം പ്രവർത്തനസജ്ജമാക്കാനുള്ള നടപടികൾ പഞ്ചായത്ത് ആരംഭിച്ചു.
ദുരിതം ഇങ്ങനെ
മാടപ്പള്ളി പഞ്ചായത്തിന്റെ പദ്ധതിവിഹിതം ഉപയോഗിച്ചു ലക്ഷങ്ങൾ മുടക്കി നിർമിച്ച മൂന്നുനില കെട്ടിടമാണ് കാട് മൂടി കിടന്നത്.നിർമാണം പൂർത്തീകരിച്ച് ഉദ്ഘാടനം നടത്തിയെങ്കിലും പ്രവർത്തിച്ചില്ല. രണ്ടേക്കർ സ്ഥലത്താണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. കെട്ടിടത്തിന്റെ പ്രവേശനകവാടം മുതൽ കാട് പിടിച്ചു. തരിശായി കിടക്കുന്ന ബാക്കി സ്ഥലം കളിസ്ഥലമായും മാലിന്യ നിക്ഷേപത്തിനുമാണ് ഉപയോഗിച്ചിരുന്നത്.
മാലിന്യങ്ങൾ നിക്ഷേപിക്കാൻ പഞ്ചായത്തു വകഭൂമി എന്ന നിലയിലായി ഇവിടത്തെ കാര്യങ്ങൾ.
കാടുപിടിച്ചുകിടക്കുന്നതിനാൽ ആരും ഈ വഴി പോകാറുമില്ല.
ഒരു വർഷം മുൻപ് പഞ്ചായത്ത് ഇടപെട്ടു കാടു വെട്ടിത്തെളിക്കുകയും കെട്ടിടം പ്രവർത്തനം ആരംഭിക്കുമെന്നും അറിയിച്ചെങ്കിലും ഒന്നും നടന്നില്ല. നിലവിൽ ഇവിടേയ്ക്ക് കയറാൻ വഴി പോലുമില്ല,
പട്ടികജാതി വനിതകൾക്കായി തയ്യൽ പരിശീലനത്തിനുള്ള സൗകര്യങ്ങൾ ഉടൻ തന്നെ ആരംഭിക്കുമെന്നാണ് പഞ്ചായത്ത് അധികൃതർ നല്കിയ വാഗ്ദാനം. ഇത് നടപ്പിലാക്കണമെന്നാണ് നാട്ടുകാർ നിരന്തരം ആവശ്യപ്പെടുന്നത്.
മാറ്റം ഇങ്ങനെ
കാടുപിടിച്ചു കിടക്കുന്ന ഭാഗം വൃത്തിയാക്കും. ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മിക്കാൻ അംഗീകാരം ലഭിച്ചു. നിർമ്മാണത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തിയാകുകയും ടെൻഡർ വിളിക്കുകയും ചെയ്തു. കാടുവെട്ടിത്തെളിച്ച് പരിസരങ്ങൾ വൃത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കെട്ടിടത്തിൽ വെളിച്ചവും വെള്ളവും എത്തിയിട്ടില്ലായിരുന്നു. ഇപ്പോൾ ഇവയുടെ കണക്ഷനും ലഭിച്ചിട്ടുണ്ട്.ചുരുങ്ങിയ സമയം കൊണ്ട് പ്രവർത്തനം ആരംഭിക്കാനാണ് നീക്കം.
കുടുംബശ്രീയുടെ നേതൃത്വത്തിൽ പട്ടികജാതി വനിതകൾക്കായി തയ്യൽ പരിശീലനത്തിനുള്ള സൗകര്യം ഉടൻ ആരംഭിക്കും. ഇതിനായി ഒരു കുടുംബശ്രീയൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ പരിശീലന കേന്ദ്രം ആരംഭിക്കുന്നതിനായുള്ള ലോൺ കമ്മിറ്റി അംഗീകരിച്ചു. ഷോപ്പിംഗ് കോംപ്ലക്‌സിന്റെ നിർമ്മാണം പൂർത്തിയാകുമ്പോൾ ഇവിടെ ഫിഷ് മാർക്കറ്റ്, പച്ചക്കറി മാർക്കറ്റ് തുടങ്ങിയവ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ലൈസാമ്മ ദേവസ്യ ,മാടപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്