പൊൻകുന്നം: സ്വകാര്യ ബസ് സ്റ്റാൻഡിൽ പ്രവർത്തിച്ചിരുന്ന കെ.എസ്.ആർ.ടി.സി. സ്റ്റേഷൻമാസ്റ്ററുടെ ഓഫീസ് വീണ്ടും തുറന്നു.കഴിഞ്ഞ ഒരു വർഷമായി ഈ ഓഫീസ് അടച്ചിട്ടിരിക്കുകയായിരുന്നു. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് പ്രവർത്തിച്ചിരുന്നത്.
കെ.എസ്.ആർ.ടി.സി ഡിപ്പോയോടനുബന്ധിച്ച് പ്രവർത്തിച്ചിരുന്ന ബസ് സ്റ്റാൻഡ് നിറുത്തലാക്കുകയും പകരം സ്വകാര്യ ബസ് സ്റ്റാൻഡിൽ സ്റ്റേഷൻ മാസ്റ്റർ ഓഫീസ് തുറക്കുകയും ചെയ്തു.എന്നാൽ ഒരു വർഷം മുമ്പ് ഈ ഓഫീസും അടച്ചുപൂട്ടി.ഇക്കാര്യം ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത നൽകിയിരുന്നു.തുടർന്നാണ് നടപടി.പി.പി.റോഡിലുള്ള ബസ് സ്റ്റാൻഡിൽ എത്തി ആളെ എടുക്കുമ്പോൾ പ്രൈവറ്റ് സ്റ്റാൻഡിൽ കാത്തുനിൽക്കുന്ന യാത്രക്കാർ സ്വകാര്യ ബസുകളിൽ കയറുമെന്നും അതുമൂലം കെ.എസ്.ആർ.ടി.സിക്ക്നഷ്ടമുണ്ടാകുമന്നും പറഞ്ഞായിരുന്നു സ്റ്റാൻഡ് നിറുത്തലാക്കിയത്.
സ്വകാര്യബസ് സ്റ്റാൻഡിലെ പഞ്ചായത്ത് വ്യാപാര സമുച്ചയത്തിലെ മുറിയിലാണ് സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസ് പ്രവർത്തിച്ചിരുന്നത്. ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളങ്ങളിൽ ഒന്നായ പൊൻകുന്നത്ത് എത്തുന്ന തീർഥാടകർക്ക് സാഹയത്തിന് കെ.എസ്.ആർ.ടി.സിക്ക് സൗകര്യമില്ലാത്തത് പരാതിക്കിട നൽകിയിരുന്നു.