കോട്ടയം: കോട്ടയം - ആലപ്പുഴ ബോട്ട് സർവീസ് പ്രതിസന്ധിയിലായതോടെ കോടിമതയിലെ ടാക്‌സി ഡ്രൈവർമാരും വ്യാപാരികളും നാട്ടുകാരും പ്രതിസന്ധിയിലാണ്. കാഞ്ഞിരം ചുങ്കത്ത് മുപ്പത് പൊക്കു പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ജലഗതാഗതവകുപ്പിന്റെ ബോട്ട് സർവീസ് മുടങ്ങിയത്. ഇതാണ് കോടിമതയിലെ വ്യാപാരികളെയും, ടാക്‌സി ഡ്രൈവർമാരും ദുരിതത്തിലാക്കിയത്. ബോട്ട് സർവീസ് നിറുത്തി വച്ചതോടെ ജലഗതാഗത വകുപ്പിന്റെ വരുമാനം മൂന്നിലൊന്നായി കുറഞ്ഞു. നേരത്തെ പതിനായിരം രൂപയായിരുന്ന വരുമാനം ബോട്ട് കോടിമതയിലേയ്ക്ക് എത്താതായതോടെ നാലായിരമായി കുറഞ്ഞു. ബോട്ട് സർവീസ് ഇല്ലാതായതോടെ വിദേശ ടൂറിസ്റ്റുകളും കുറഞ്ഞു. ഇതോടെ ടൂറിസം വകുപ്പിനും ഇതൊരു പ്രഹരമായി.

പൊക്കു പാലം പൂർത്തിയായിട്ടും ബോട്ട് സർവീസ് പുനസ്ഥാപിച്ചിട്ടില്ല.
പാലം പണി പൂർത്തിയാക്കിയതിനാൽ ഈ മാസം ഒന്നിന് സർവീസ് ആരംഭിക്കണമെന്നായിരുന്നു തീരുമാനം. നഗരസഭയിൽ നിന്നും അനുവാദം കിട്ടുന്ന മുറയ്ക്ക് സർവീസ് ആരംഭിക്കാൻ തയ്യാറാണെന്നാണ് ജലഗതാഗത വകുപ്പ് അറിയിച്ചത്.

പരിഭവങ്ങൾ പരാതികൾ

20 കൊല്ലമായി ടാക്‌സി ഡ്രൈവറാണ്. നേരത്തെ ആഴ്‌ചയിൽ മൂന്ന് തവണയെങ്കിലും, തേക്കടി, മൂന്നാർ സർവീസുണ്ടായിയരുന്നു. ബോട്ട് വരാത്തതിനാൽ ഇപ്പോൾ യാത്രക്കാർ ഇല്ല......

എം. കെ. ശേഖരൻ ,

ടാക്‌സി ഡ്രെവർ

ബോട്ട് സർവീസ് എത്രയും വേഗം ആരംഭിക്കണം. ഇവിടെ പ്രശ്‌നം നേരിടുന്നത് വിദേശികളാണ്. ജി.പി.എസ് നോക്കിയാണ് അവർ ഇവിടെ എത്തുന്നത്. ഇവിടെ എത്തിക്കഴിയുമ്പോൾ ബോട്ട് ലഭിക്കില്ല. കാഞ്ഞിരം ചെന്നാലേ ബോട്ട് ലഭിക്കൂ എന്ന് പറയുമ്പോൾ നമ്മൾ അവരെ വഞ്ചിക്കുന്നതായാണ് ഇവർ കണക്ക് കൂട്ടുന്നത്. ഇത് വലിയ പ്രതിസന്ധി സൃഷ്‌ടിക്കും....ഹരിദാസ്, പ്രൈവറ്റ് ബോട്ട് സൂപ്രവൈസർ

നേരത്തെ ബോട്ട് സർവീസ് വഴി കുറഞ്ഞ ചിലവിൽ ആലപ്പുഴ എത്താമായിരുന്നു. ഇപ്പോൾ ഇത് നിലച്ച മട്ടാണ്....

ലക്ഷ്‌മണൻ,

പ്രദേശവാസി.

ബോട്ട് സ‌ർവീസുണ്ടായിരുന്ന സമയത്ത് അത്യാവശ്യം കച്ചവടമുണ്ടായിരുന്നു. ബോട്ടില്ലാതെ വന്നതോടെ ഇവിടെ ആളെത്തുന്നത് കുറഞ്ഞു........

സന്തോഷ്,

ബേക്കറിയുടമ

ബോട്ട് സ‌ർവീസ് മുടങ്ങിയതോടെ പ്രദേശത്തെ ആളുകൾ ദുരിതത്തിലാണ്. ബോട്ട് വരാതെ ആയതോടെ ഫുട്‌പാത്തുകൾ തകർന്നു കിടക്കുകയാണ്. ബോട്ട് എത്തും മുൻപ് ഈ കുഴികൾ നികത്തുകയാണ് ആദ്യം ചെയ്യേണ്ടത്.......

മാത്യൂ,

പ്രദേശവാസി,

റെഗുലർ ആയി ബോട്ട് സർവീസ് ഉണ്ടായിരുന്ന സമയത്ത് യാത്രക്കാരിൽ നിന്നും കുറച്ചു വരുമാനമൊക്കെ ഉണ്ടായിരുന്നു. എന്നാൽ സർവീസ് നിർത്തിയതോടെ ഉണ്ടായിരുന്ന വരുമാനം കുറഞ്ഞു......

വിനോദ്,

പോലീസ് കാന്റീൻ ജീവനക്കാരൻ