വൈക്കം: ഓട നിറഞ്ഞ് മാസങ്ങളായി മലിനജലം റോഡിൽ ഒഴുകുന്നു പരിഹാരം കാണുവാൻ ബന്ധപ്പെട്ടവർ ശ്രമിക്കുന്നില്ലെന്ന് ആക്ഷേപം. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിന് സമീപമുള്ള കാനയിൽ നിന്നാണ് മലിനജലം റോഡിലേക്ക് ഒഴുകുന്നത്. മാലിന്യങ്ങൾ അടിഞ്ഞ് തടസ്സപ്പെട്ടതാണ് മലിനജലം റോഡിലേക്ക് ഒഴുകുവാൻ കാരണം. റോഡിൽ മലിനജലം കിടക്കുന്നതിനാൽ കൊതുകും കൂത്താടിയും പെരുകുതോടെപ്പം രൂക്ഷമായ ദുർഗന്ധമാണ് ഉണ്ടാകുന്നത്.ദേവസ്വം റോഡിലൂടെ കെഎസ്ഇബി യുടെ 11 കെ.വി കേബിൾ മണ്ണിനടിയിലൂടെ കടന്നു പോകുന്നുണ്ട്. ഓടയിലുടെയുള്ള ഒഴുക്ക് തടസ്സപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ അഷ്ടമി കാലത്ത് ഇതിന്റെ നിർമ്മാണം ആരംഭിച്ചെങ്കിലും വൈദ്യുതി കേബിൾ ഉള്ളതിനാൽ നിർമ്മാണ പ്രവർത്തനം നിർത്തിവയ്‌ക്കേണ്ടി വന്നു.ഓട നിർമാണത്തിനിടയിൽ ജെസിബി ഉപയോഗിച്ചപ്പോൾ കേബിളിന് തകരാർ സംഭവിച്ചത് മൂലം കരാറുകാരൻ പതിനായിരത്തോളം രൂപ വൈദ്യുതി വകുപ്പിന് നഷ്ട പരിഹാരം നൽകേണ്ടി വന്നതിനെ തുടർന്നാണ് അന്ന് പ്രവർത്തനം നിലച്ചത്. എന്നാൽ റോഡിലൂടെ
കേബിൾ പോകുന്നതായുള്ള അറിയിപ്പ് എങ്ങും സ്ഥാപിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്.
കേബിൾ മൂലം ഓട നിർമ്മാണം തടസ്സപ്പെട്ടത് കാണിച്ച് കെ.എസ്.ഇ.ബി അധികൃതർക്ക് ദേവസ്വം കത്ത് നൽകിയെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. നടപടികൾ പൂർത്തിയായാൽ തന്നെ പുതിയ ടെൻഡർ വിളിച്ചാൽ മാത്രമേ വീണ്ടും നിർമ്മാണ പ്രവർത്തനം ആരംഭിക്കുവാൻ കഴിയുകയുള്ളൂ. ഇതിന് കാലതാമസമെടുക്കും. അതെ സമയം ക്ഷേത്രത്തിൽ ഉണ്ടാകുന്ന അറ്റകുറ്റപണികൾ ദേവസ്വം ഓഫിസർക്ക് ചെയ്യാവുന്നതെയുള്ളു എന്നാണ് ഭക്തജനങ്ങൾ പറയുന്നത്.