alphons-kannanthanam

കോട്ടയം: ശിവഗിരിയിൽ നടക്കുന്ന ശ്രീനാരായണഗുരു തീർത്ഥാടന സർക്യൂട്ട് നിർമ്മാണോദ്ഘാടന വിവരം മുഖ്യമന്ത്രിയെയും ടൂറിസം മന്ത്രിയെയും രേഖാമൂലം അറിയിച്ചിരുന്നെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൺസ് കണ്ണന്താനം പറഞ്ഞു. എന്നിട്ടും പരാതി ഉന്നയിച്ച് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചത് എന്തിനാണെന്ന് അറിയില്ല. പണം മുടക്കുന്ന കേന്ദ്രത്തിന് നിർമ്മാണം ഏത് ഏജൻസിയെ ഏല്പിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. രണ്ട് വർഷം മുൻപ് ശബരിമല വികസനത്തിന് അനുവദിച്ച 99.99 കോടിയിൽ ഒരു രൂപ പോലും സംസ്ഥാന സർക്കാർ ചെലവഴിച്ചില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് ശിവഗിരി തീർത്ഥാടന സർക്യൂട്ടിന്റെ നിർമ്മാണം കേന്ദ്ര ഏജൻസിയെ ഏല്പിച്ചത്.

ഇന്ത്യാ ടൂറിസം ഡെവലപ്‌മെന്റ് കോർപറേഷനെ നിർമ്മാണം ഏല്പിച്ചതും നിർമ്മാണോദ്ഘാടനം നിശ്ചയിച്ചതും സംസ്ഥാന സർക്കാരിനെ അറിയിക്കാതെയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ കത്തിൽ പറഞ്ഞിരുന്നത്.

പാർട്ടി പറഞ്ഞാൽ പത്തനംതിട്ടയിൽ

രാജ്യസഭാംഗമെന്ന നിലയിൽ മൂന്നര വർഷം കൂടി കാലാവധിയുണ്ട്. ഈ സാഹചര്യത്തിൽ മത്സരിക്കാൻ താത്പര്യമില്ലെന്ന് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ, മത്സരിക്കണമെന്ന് പാർട്ടി പറഞ്ഞാൽ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം ഉൾപ്പെടുന്ന പത്തനംതിട്ട തിരഞ്ഞെടുക്കും. തിരഞ്ഞെടുപ്പിൽ കേരളത്തിലും കേന്ദ്രത്തിലും ബി.ജെ.പിയുടെ സാദ്ധ്യത പ്രവചിക്കാനാവില്ല. ഇത്തരം പ്രവചനങ്ങളിൽ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.