ksrtc

ചങ്ങനാശേരി : കെ.എസ്.ആർ.ടി.സി സ്റ്റാൻഡും പരിസരവും മാലിന്യത്തിന്റെ പിടിയിലമർന്നു. ഒരുവശത്ത് ഓയിൽകലർന്ന വെള്ളം സ്റ്റാൻഡിലൂടെ ഒഴുകുമ്പോൾ മറുവശത്ത് കൂട്ടിയിട്ട പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നു. ഇതെല്ലാം സഹിച്ചു വേണം യാത്രക്കാർ ബസ് കാത്തു നിൽക്കേണ്ടത്. ബസുകൾ കഴുകുന്ന വെള്ളം പോലും സ്റ്റാൻഡിൽ കെട്ടിക്കിടക്കുകയാണ്.

പഴയ കെട്ടിടം അപകടാവസ്ഥയിൽ നിലനില്ക്കുന്നതിനാൽ യാത്രക്കാർ മാലിന്യത്തിന്റെയും കെട്ടിക്കിടക്കുന്ന മലിനജലത്തിനും സമീപമാണ് നില്ക്കുന്നത്. സൗകര്യപ്രദമായ കെട്ടിടമോ ഇരിക്കാൻ വേണ്ടത്ര ഇരിപ്പിടങ്ങളോ ഇല്ല.ഒപ്പം മാലിന്യം അഴുകിയ ദുർഗന്ധവും. തുറസായ പ്രദേശമായതിനാൽ പക്ഷികൾ മാലിന്യങ്ങൾ കൊത്തിവലിച്ചിടുന്നുമുണ്ട്.

സമീപത്തെ ചുറ്റുമതിലും തകർന്നു.തകർന്നിട്ട് നാളുകളേറെയായിട്ടും യാതൊരു നടപടിയുമില്ല.

പരിസരമാണെങ്കിൽ കാടുപിടിച്ചു കിടക്കുകയാണ്. സമീപത്തെ ഓട്ടോറിക്ഷാ സ്റ്റാൻഡിനു സമീപത്തെ സംരക്ഷണഭിത്തിയും അപകടാവസ്ഥയിലാണ്. പടിഞ്ഞാറു മേഖലയിലേക്കുള്ള ബസുകൾ നിറുത്തിയിടുന്നതിനു സമീപമാണ് മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. സ്റ്റാൻഡ് ശുചിയാക്കാൻ എത്തുന്നവരും സ്റ്റാൻഡിലെ മാലിന്യങ്ങൾ ഇവിടെ തന്നെ കൂട്ടുന്നു. എന്നിട്ടവ ഇവിടെയിട്ട് കത്തിക്കുകയും ചെയ്യും. ഈ പുകയും ശ്വസിച്ചാണ് യാത്രക്കാർ നിൽക്കുന്നത്. ഈ ദുരവസ്ഥ മാറ്റുവാൻ അധികൃതർ ശ്രമിക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.