thomas-vikkam

വൈക്കം: പ്രളയത്തിൽ ഒലിച്ചുപോയ കൃഷിഭൂമി കഠിന പ്രയത്‌നത്താൽ വീണ്ടെടുത്ത് വിളഭൂമിയാക്കി ജൈവകർഷകൻ മാതൃകയായി. വൈക്കം ഫയർ സ്റ്റേഷന് സമീപം താമസിക്കുന്ന ആഞ്ഞിലിക്കത്തറ തോമസ് എന്ന കർഷകനാണ് പ്രളയത്തിൽ നശിച്ച തന്റെ 13 ഏക്കർ കൃഷിഭൂമിയെ രണ്ടു മാസം നീണ്ട പരിശ്രമത്താൽ പൂർവസ്ഥിതിയിലാക്കിയത്. ഒരിഞ്ചു സ്ഥലം പോലും പാഴാക്കാതെ മുഴുവൻ സ്ഥലത്തും സമ്മിശ്ര കൃഷി നടത്തിയാണ് തോമസ് പ്രളയത്തെ അതിജീവിച്ചത്. പ്രളയത്തിൽ 20 ലക്ഷത്തോളം രൂപ നാശനഷ്ടമുണ്ടാക്കി. പാവൽ, പടവലം, പയർ, പീച്ചിൽ, കോവയ്ക്ക തുടങ്ങിയ പച്ചക്കറികൾ ഒരു പന്തലിൽ തന്നെ കൃഷി ചെയ്താണിവിടെ വൻവിളവു നേടുന്നത്.

പച്ചക്കറിക്കും പുറമെ വിവിധയിനം വാഴയിനങ്ങൾ, തെങ്ങ്, ജാതി, പൈനാപ്പിൾ തുടങ്ങിയവയും മികച്ച വിളവു നൽകുന്നു. രാസവളവും കീടനാശിനിയും ഉപയോഗിക്കാതെ ജൈവവളം ഉപയോഗിച്ചുള്ള കൃഷിരീതിയാണ് ഇവിടെ. കൃഷിയിടത്തിലെ സീൽ പോളിൻ വിരിച്ച കുളങ്ങളിൽ ഗിഫ്റ്റ് താലോപ്പിയ,വാളക്കൂരി, കട്‌ല, രോഹു, നാടൻ മത്സ്യ ഇനങ്ങളായ കരിമീൻ, വരാൽ, കാരി തുടങ്ങിയവും വളർത്തുന്നുണ്ട്. കാർഷകോൽപ്പന്നങ്ങളും മൽസ്യവും വീട്ടുമുറ്റത്തുവച്ചുതന്നെ വിറ്റുപോകുന്നു. കൃഷിയിൽ നിന്ന് സാമ്പത്തിക ലാഭമുണ്ടാകുന്നതിന് പുറമെ വിഷമില്ലാത്ത ഭക്ഷ്യവസ്തുക്കൾ ഉൽപ്പാദിപ്പിച്ച് നാട്ടിൽ വിതരണം ചെയ്യുന്ന വഴി സാമൂഹ്യ പ്രതിബദ്ധതയും നിറവേറ്റാൻ കഴിയുന്നതിൽ സംതൃപ്തിയുണ്ടെന്ന് കർഷകനായ തോമസ് പറയുന്നു. വൈക്കം കൃഷി ഓഫീസർ എൻ.അനിൽകുമാർ, അസിസ്റ്റന്റ് കൃഷി ഓഫീസർ മെയ്‌സൺ മുരളി, നഗരസഭ അധികൃതർ തുടങ്ങിയവർ ജൈവകൃഷിക്ക് ആവശ്യമായ സഹായങ്ങളും നിർദ്ദേശങ്ങളും നൽകുന്നു.