chief-minister-pinarayi-

കോട്ടയം: കമ്മ്യൂണിസ്റ്റുകാരനായതിന്റെ പേരിൽ ക്രൂരമർദ്ദനത്തിനിരയായി മരിച്ചുവെന്ന് കരുതി കല്ല് നെഞ്ചത്തുവച്ച് ശത്രുക്കൾ പോയിടത്തുനിന്നാണ് വൈക്കം വിശ്വൻ അദ്ഭുതകരമായി ജീവിതത്തിലേക്കു തിരിച്ചുവന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വൈക്കം വിശ്വനെക്കുറിച്ച് ആർ. സാംബൻ രചിച്ച 'തീക്കാറ്റുപോലെ വൈക്കം വിശ്വൻ, സമരവും ജീവിതവും' എന്ന പുസ്തകം പ്രൊഫ. എം.കെ.സാനുവിന് നൽകി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യാർത്ഥി പ്രവർത്തനകാലം മുതൽ ഞങ്ങൾ ഒന്നിച്ചു പ്രവർത്തിച്ചുവന്നതാണ്. അന്നത്തെ വിശ്വന്റെ പ്രസംഗം സമൂഹം ഇന്നും നല്ലതുപോലെ ഒാർക്കുന്നു. ആക്രമണമേൽക്കേണ്ട സ്വഭാവമില്ലാതിരുന്നിട്ടും വിശ്വൻ സ്വീകരിച്ച മാർഗം ചിലർക്ക് രസിക്കാത്തതുകൊണ്ട് പൊലീസുകാരുടെയും രാഷ്ട്രീയ എതിരാളികളുടെയും ക്രൂര മർദ്ദനമേൽക്കേണ്ടിവന്നു. എന്നിട്ടും പതറാതെ മുന്നോട്ടു പോകാൻ കഴിഞ്ഞു. മണിക്കൂറുകൾ നീണ്ട പ്രസംഗം യുവാക്കളെയും പൊതുസമൂഹത്തെയും എന്നും ത്രസിപ്പിക്കാൻ പോന്നതായിരുന്നുവെന്നും പിണറായി പറഞ്ഞു.

വൈക്കം വിശ്വന്റെ ജീവിതം ഒരു കാലഘട്ടത്തിന്റെ ഹൃദയത്തെ തൊട്ടറിയലാണെന്ന് പ്രൊഫ. എം.കെ. സാനുവും കേരളത്തെ ഇളക്കി മറിച്ച പ്രഭാഷകനാണ് വിശ്വനെന്ന് മന്ത്രി എം.എം. മണിയും പറഞ്ഞു

സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജെ. തോമസ് അദ്ധ്യക്ഷത വഹിച്ചു. കെ. സുരേഷ് കുറുപ്പ് എം.എൽ.എ, ഏഴാച്ചേരി രാമചന്ദ്രൻ, വി.എൻ. വാസവൻ, ബി. ശശികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.