bishop-franco-case

കോട്ടയം: ലൈംഗിക പീഡന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിന് എതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ വിവിധ മഠങ്ങളിലേക്ക് സ്ഥലംമാറ്റിയതുമായി ബന്ധപ്പെട്ട് സഭയ്‌ക്കുള്ളിൽ പുതിയ പോര്. അഞ്ചു കന്യാസ്ത്രീകളെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കിയെന്ന വാർത്ത മാധ്യമങ്ങളിൽ പ്രചരിച്ചതിനിടെ,​ അഡ്മിസ്ട്രേറ്ററുടെ ചുമതല വഹിക്കുന്ന മുംബയ് രൂപതാ ബിഷപ്പിന് സ്ഥലംമാറ്റ ഉത്തരവു റദ്ദാക്കാൻ അധികാരമില്ലെന്ന വിശദീകരണവുമായി ജലന്ധർ രൂപത രംഗത്തെത്തി.

കുറവിലങ്ങാട് മഠത്തിലെ അഞ്ചു കന്യാസ്ത്രീകളെയാണ് മിഷനറീസ് ഒഫ് ജീസസ് സന്ന്യാസി സമൂഹം സ്ഥലം മാറ്റിയിരുന്നത്. ഇതിനെതിരെ കന്യാസ്ത്രീകൾ ദേശീയ വനിതാ കമ്മിഷനെ ഉൾപ്പെടെ സമീപിക്കുകയും ചെയ്‌തിരുന്നു. കേസിൽ നീതി നിഷേധിക്കുന്നുവെന്ന് ആരോപിച്ച് ഇന്നലെ കോട്ടയം തിരുനക്കരയിൽ സേവ് ഔവർ സിസ്റ്റേഴ്സ് കൂട്ടായ്‌മ സംഘടിപ്പിച്ച സമ്മേളനത്തിൽ സ്ഥലംമാറ്റപ്പെട്ട നാലു കന്യാസ്ത്രീകൾ പങ്കെടുത്തിരുന്നു.

കേസ് അവസാനിക്കും വരെ കുറവിലങ്ങാട്ടെ മഠത്തിൽ തുടരാൻ ജലന്ധർ രൂപതാ അഡ്‌മിനിസ്ട്രേറ്റർ അനുമതി നൽകിയതായി ബിഷപ്പിന് എതിരെ സമരത്തിന് നേതൃത്വം നൽകിയ സിസ്റ്റർ അനുപമയാണ് സമ്മേളനത്തിൽ പറഞ്ഞത്. ഉച്ച മുതൽ ദൃശ്യമാധ്യമങ്ങളിൽ ഈ വാർത്ത വരികയും ചെയ്തു. ഇതേത്തുടർന്നാണ്,​ വിശദീകരണവുമായി ജലന്ധർ രൂപതാ പി.ആർ.ഒ ഫാദർ പീറ്റർ കാവുമ്പുറത്തിന്റെ പത്രക്കുറിപ്പ് ഇറങ്ങിയത്.

സന്യാസിനി സമൂഹത്തിന്റെ ഉത്തരവു റദ്ദാക്കാൻ അ‌ഡ്‌മിനിസ്ട്രേറ്റർ ആഗ്നെലോ ഗ്രേഷ്യസിന് അധികാരമില്ലെന്നും കന്യാസ്ത്രീകളെ സ്ഥലംമാറ്റിയതല്ല,​ സ്വന്തം മഠങ്ങളിലേക്ക് തിരികെ വിളിക്കുക മാത്രമാണ് ചെയ്തതെന്നും പത്രക്കുറിപ്പിൽ പറയുന്നു. സഭാ അധികൃതരുടെ അനുമതി കൂടാതെ കുറവിലങ്ങാട് മഠത്തിലേക്കു പോയവരെ തിരികെ ക്ഷണിക്കുന്ന ഉത്തരവാണ് മിഷണറീസ് ഒാഫ് ജീസസ് മദർ ജനറൽ പുറത്തിറക്കിയതെന്നും പത്രക്കുറിപ്പ് വിശദീകരിക്കുന്നു.

അതേസമയം,​ കോട്ടയത്തെ പ്രതിഷേധ കൂട്ടായ്‌മയിൽ ഇന്നലെ സിസ്റ്റർ അനുപമ പ്രസംഗിക്കുന്നതിനിടെ ഗ്ലോബൽ ക്രിസ്‌ത്യൻ കൗൺസിൽ കത്തോലിക്കാ സമിതിയുടെ നേതൃത്വത്തിൽ ഫ്രാങ്കോ അനുകൂലികളായ ചില പ്രവർത്തകരും സേവ് ഔവർ സിസ്റ്റേഴ്സിലെ അംഗങ്ങളുമായി ഉന്തും തള്ളുമുണ്ടായി. കയ്യാങ്കളിക്കു മുതി‌ർന്ന ക്രിസ്ത്യൻ കൗൺസിൽ പ്രവർത്തകരെ പൊലീസ് അറസ്റ്ര് ചെയ്യുകയും ഇവർക്കെതിരെ കേസെടുക്കുകയും ചെയ്തു.

കേസിലെ പ്രധാന സാക്ഷികളായ തങ്ങളെ സ്ഥലം മാറ്റുക വഴി പരാതിക്കാരിയെ ഒറ്റപ്പെടുത്തി ഉപദ്രവിക്കാനാണ് ശ്രമിച്ചതെന്ന് സിസ്റ്റർ അനുപമ പറഞ്ഞു.