jos-k-mani-vikkam

വൈക്കം: പ്രളയ ദുരിതമനുഭവിച്ചവർക്ക് നൽകിയ വാഗ്ദാനം പോലും പാലിക്കാതെ സംസ്ഥാന സർക്കാർ സ്വന്തം പാർട്ടിക്കാർക്ക് മാത്രം ആനുകൂല്യങ്ങൾ നൽകി ജനങ്ങളെ വഞ്ചിച്ചെന്ന് ജോസ് കെ. മാണി എം.പി പറഞ്ഞു. കേരളയാത്രയ്ക്കു വൈക്കത്ത് നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി ഓഫീസുകളിൽ നിന്നും കുറിമാനം ലഭിച്ചവർക്ക് മാത്രമായി ആനുകുല്യങ്ങൾ നൽകിയ സർക്കാരിന് വരുന്ന തിരഞ്ഞെടുപ്പിൽ ജനങ്ങൾ ചുട്ട മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ.മാണി എം.പി നയിക്കുന്ന കേരള യാത്രയുടെ ജില്ലയിലെ പര്യടനത്തിന്റെ രണ്ടാം ദിനമായ ഇന്നലെ രാവിലെ വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ വടക്കേഗോപുരനടയിൽ എത്തിയപ്പോൾ കുതിരപ്പടയാളികൾ, അമ്മംകുടം, ഓട്ടക്കാവടി, നിലക്കാവടി, തെയ്യം, ചെണ്ടമേളം തുടങ്ങിയ നാടൻ കലാരൂപങ്ങളും വൈക്കം നിയോജക മണ്ഡലത്തിലെ സ്ത്രീകൾ ഉൾപ്പടെ നൂറുകണക്കിന് പാർട്ടി പ്രവർത്തകരും ചേർന്ന് സമ്മേളന നഗരിയായ ബോട്ടുജെട്ടി മൈതാനിയിലേയ്ക്ക് ആനയിച്ചു.തുടർന്ന് കേരള കോൺഗ്രസ് (എം )നിയോജക മണ്ഡലം പ്രസിഡന്റ് പോൾസൺ ജോസഫിന്റ അദ്ധ്യക്ഷതയിൽ നടന്ന പൊതു സമ്മേളനം ഡോ.എൻ.ജയരാജ് എം. എൽ. എ. ഉദ്ഘാടനം ചെയ്തു .മുൻ എം. പി ജോയി എബ്രഹാം, മോൻസ് ജോസഫ് എം.എൽ.എ, തോമസ് ഉണ്ണിയാടൻ, പ്രമോദ് നാരായണൻ, മുഹമ്മദ് ഇക്ബാൽ, മാധവൻകുട്ടി കറുകയിൽ, എബ്രഹാം പഴയ കടവൻ, തര്യൻ മാത്യൂസ്, സിറിൾ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.