കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ സമരം ചെയ്‌ത കന്യാസ്ത്രീകളുടെ സ്ഥലം മാറ്റൽ തർക്കം സഭയിലെ ചേരിപ്പോര് രൂക്ഷമാക്കി. സ്ഥലംമറ്റ ഉത്തരവ് റദ്ദാക്കിയ അഡ്മിനിസ്ട്രേറ്ററെ തള്ളി രൂപത പി.ആർ.ഒ രംഗത്തെത്തിയതോടെയാണ് തർക്കം മൂത്തത്. ഉത്തരവ് നിലനിൽക്കുമെന്ന് വാർത്താക്കുറിപ്പിറക്കിയ പി.ആർ.ഒ പീറ്റർ കാവുംപുറത്തിനെ അംഗീകരിക്കില്ലെന്നും പി.ആർ.ഒ ഫ്രാങ്കോയുടെ ആളാണെന്നും കന്യാസ്ത്രീകൾ തുറന്നടിച്ചു. എന്നാൽ അഡ്മിനിസ്ട്രേറ്ററുടെ അനുമതിയോടെയാണ് പത്രക്കുറിപ്പിറക്കിയതെന്ന നിലപാടിലാണ് പി.ആർ.ഒ. മഠംവിടില്ലെന്ന് ഉറപ്പിക്കുമ്പോഴും കൂടുതൽ നടപടിയുണ്ടായാൽ സഭാനേതൃത്വത്തെ പ്രതിരോധത്തിലാക്കുംവിധം പരസ്യമായി രംഗത്തിറങ്ങാനാണ് കന്യാസ്ത്രീകളുടെ തീരുമാനം.

പരാതിക്കാരിയെ പിന്തുണച്ച കന്യാസ്ത്രീകളെ കുറവിലങ്ങാട് മഠത്തിൽ നിന്ന് മാറ്റാൻ മിഷണറിസ് ഒഫ് ജീസസ് ശ്രമിക്കുന്നതിനിടെയാണ് ഉത്തരവ് പിൻവലിക്കുന്നതായി ജലന്ധർ രൂപതയുടെ ചുമതലയുള്ള ബിഷപ്പ് ആഗ്‌നെലോ ഗ്രേഷ്യസ് അറിയിച്ചത്. ഇത് തിരുത്തിയാണ് കഴിഞ്ഞ രാത്രി പി.ആർ.ഒ വാർത്താക്കുറിപ്പിറക്കിയത്. മിഷണറിസ് ഒഫ് ജീസസിലെ സന്യസ്‌ത മഠത്തിന്റെ ദൈനംദിന കാര്യങ്ങളിൽ അഡ്മിനിസ്ട്രേറ്റർ ഇടപെടില്ലെന്ന കാരണമാണ് പി.ആർ.ഒ ചൂണ്ടിക്കാട്ടുന്നത്.

എന്നാൽ ഫ്രാങ്കോയാണ് ഇപ്പോഴും സഭാകാര്യങ്ങൾ തീരുമാനിക്കുന്നതെന്നും അത് അംഗീകരിക്കില്ലെന്നുമാണ് കന്യാസ്ത്രീകളുടെ നിലപാട്. ഫ്രാങ്കോ കേസുണ്ടാക്കിയ മാനക്കേടിൽ നിന്ന് കരകയറും മുമ്പ് കന്യാസ്ത്രീകൾ നടത്തുന്ന ചെറുത്ത് നിൽപ്പും സഭാനേതൃത്വത്തെ പ്രതിരോധത്തിലാക്കുകയാണ്. മഠത്തിലെ കാര്യങ്ങളിൽ ബിഷപ്പ് ഇടപെടാറില്ലെന്ന് ഫ്രാങ്കോ പൊലീസിനോട് പറഞ്ഞിരുന്നു. എന്നാൽ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ള അഡ്മിനിസ്ട്രേറ്ററുടെ കത്ത് ഈ മൊഴിക്ക് വിരുദ്ധമാണ്. മഠത്തിലെ കാര്യങ്ങളിൽ ഫ്രാങ്കോയുടെ ഇടപെടൽ തെളിയിക്കാൻ അന്വേഷണസംഘം കോടതിയിൽ ഈ കത്തും ഉപയോഗിക്കും.

'പി.ആർ.ഒയ്‌ക്കല്ല അഡ്മിനിസ്ട്രേറ്റർക്കാണ് രൂപതയുടെ അധികാരം. പി.ആർ.ഒ ഫ്രാങ്കോയുടെ ആളാണ്. രൂപതയുടെ അധികാര കേന്ദ്രം ഫ്രാങ്കോ തന്നെയാണെന്ന് സംശയിക്കുന്നു. കേസ് തീരുംവരെ കുറവിലങ്ങാട് മഠത്തിൽ തുടരും. സർക്കാരിൽ നിന്ന് അനുകൂല നടപടി പ്രതീക്ഷിക്കുന്നു. സർക്കാർ കൈവിട്ടാൽ മറ്റെങ്ങും പോകാനില്ല''.

- സിസ്റ്റർ അനുപമ

'അഡ്മിനിസ്റ്റേറ്ററുടെ അനുമതിയോടെയാണ് വാർത്താ കുറിപ്പിറക്കിയത്. സ്ഥലം മാറ്റ ഉത്തരവ് നിലനിൽക്കും. മേലധികാരികളുടെ ഉത്തരവ് അനുസരിക്കുകയാണ് കന്യാസ്ത്രീകൾ ചെയ്യേണ്ടത്''

- പീറ്റർ കാവുംപുറം, പി.ആർ.ഒ