കോട്ടയം: നാഗമ്പടം മേൽപ്പാലത്തിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചു തുടങ്ങി. എം.സി റോഡ് നവീകരണത്തിന്റെ ഭാഗമായി കെ.എസ്.ടി.പി അധികൃതരാണ് മേൽപ്പാലത്തിന്റ ഇരുവശങ്ങളിലുമായി സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുന്നത്. ഇന്നലെ രാവിലെ മീനച്ചിലാറിനു കുറുകെയുള്ള പാലത്തിന്റെ ഭാഗത്താണ് ഇവ സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചത്.
നാഗമ്പടം മേൽപ്പാലത്തിൽ നിന്ന് മീനച്ചിലാറിനു കുറുകെയുള്ള പാലത്തിലേയ്‌ക്ക് പ്രവേശിക്കുന്ന ഭാഗത്തേയ്‌ക്ക് മൂന്നു റോഡുകളാണ് വന്നു ചേരുന്നത്. ഗുഡ്ഷെഡ് ഭാഗത്തു നിന്നുള്ള റോഡും, മേൽപ്പാലത്തിന്റെ താഴേയ്‌ക്ക് റെയിൽവേ കോളനി ഭാഗത്തേയ്‌ക്കുള്ള സർവീസ് റോഡും. ഈ രണ്ട് റോഡിൽ നിന്നും വാഹനങ്ങൾ വന്ന് എം.സി റോഡിലേയ്‌ക്ക് പ്രവേശിക്കുന്നത് അപകടത്തിനും ഗതാഗതക്കുരുക്കിനും ഇടയാക്കുമെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് കെ.എസ്.ടി.പി സിഗ്‌നൽ ലൈറ്റ് സ്ഥാപിക്കാൻ തീരുമാനിച്ചത്. അഞ്ച് കാലുകളുള്ള ലൈറ്റാണ് ഇവിടെ സ്ഥാപിക്കുന്നത്. ഓട്ടോമാറ്റിക് കൺട്രോൾ സിസ്റ്റമാണ് ഇവിടെ ഏർപ്പെടുത്തുന്നത്. തിരക്കേറിയ സ്ഥലങ്ങളിൽ കൂടുതൽ സമയം ക്രമീകരിക്കുന്ന രീതിയിൽ രണ്ടു ദിവസത്തിനുള്ളിൽ ലൈറ്റുകൾ സെറ്റ് ചെയ്യും.
ബസ് സ്റ്റോപ്പ്
കുരുക്കാകുമോ..?
നാഗമ്പടം പാലത്തിൽ കുമാരനല്ലൂർ ഭാഗത്തു നിന്നു വരുന്ന സ്ഥലത്താണ് നിലവിൽ ബസ് സ്റ്റോപ്പ്. ബസുകൾ ഉള്ളിലേയ്‌ക്ക് കയറ്റി നിറുത്താൻ ക്രമീകരണം ഒരുക്കിയിട്ടുമുണ്ട്. എന്നാൽ, റോഡിനു നടുവിൽ സിഗ്‌നൽ പോസ്റ്റ് സ്ഥാപിക്കുന്നതോടെ ഇവിടെ വീതി നഷ്‌ടമാകും. സ്വകാര്യ ബസുകളാകട്ടെ റോഡിനു നടുവിൽ തന്നെയാണ് നിറുത്തുന്നതും. ഇത് ഗതാഗതക്കുരുക്കിന് കാരണമാകുമോയെന്ന ആശങ്കയാണ് ഉയരുന്നത്. സ്വകാര്യ ബസുകൾ അടക്കമുള്ളവ ബസ് ബേയ്‌ക്കുള്ളിലേയ്‌ക്ക് മാറ്റി നിറുത്താൻ ക്രമീകരണം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.