പൊൻകുന്നം: കുന്നുംഭാഗത്ത് കടയുടമയുടെ കണ്ണിൽ മുളകുപൊടി വിതറി 32,000 രൂപ കവർന്ന സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. പാറത്തോട് പാറയ്ക്കൽ പി.എൻ.നൗഷാദ്(54), ആനക്കല്ല് ചെരുപുറത്ത്പുളിന്താഴെ അജ്മൽ അബു(39), കാഞ്ഞിരപ്പള്ളി ആനക്കല്ല് കാവുകാട്ട് വടക്കേശേരിയിൽ അജേഷ് തങ്കപ്പൻ(അപ്പു23), ആനക്കല്ല് വളവുകയം കാക്കനാട്ട് അലൻ തോമസ് (24) എന്നിവരാണ് അറസ്റ്റിലായത്. രണ്ടുപേരെക്കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിക്കുസമീപം കുന്നുംഭാഗത്ത് ബ്രൈറ്റ് ഏജൻസീസ് എന്ന ഇലക്ട്രിക്കൽകട നടത്തുന്ന ചെങ്ങളം ഈസ്റ്റ് വലിയപറമ്പിൽ ബിനോ ടോണിയെയാണ് ശനിയാഴ്ച രാവിലെ കടയിൽ കയറി മുളകുപൊടി വിതറി ആക്രമിച്ചത്.
കടയുടമയുമായി അയൽവാസിക്കുണ്ടായിരുന്ന മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്. ക്വട്ടേഷൻ സംഘമാണ് ആക്രമണം നടത്തിയത്. ഇടനില നിന്നത് കുമരകം ചെങ്ങളം സ്വദേശിയായ റിട്ട.എസ്.ഐയാണെന്ന വിവരത്തെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്.
രണ്ടുലക്ഷം രൂപ നൽകാമെന്ന ഉറപ്പിലായിരുന്നു അക്രമം. സി.സി.ടി.വി.ദൃശ്യങ്ങളിൽ നിന്ന് അക്രമികൾ എത്തിയ ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. പാറയ്ക്കൽ നൗഷാദും അജ്മലും ആസൂത്രണം ചെയ്തതനുസരിച്ച് കടയിൽ പ്ലംബിംഗ് സാധനങ്ങൾ വാങ്ങാനെ ശേഷം ഇവർ ബൈക്കിൽ രക്ഷപെടുകയായിരുന്നു.
കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. എസ്.മധുസൂദനന്റെ നേതൃത്വത്തിൽ പൊൻകുന്നം സർക്കിൾ ഇൻസ്‌പെക്ടർ കെ.ആർ മോഹൻദാസ്, എസ്.ഐ. കെ.ഒ.സന്തോഷ് കുമാർ, ഷാഡോ പൊലീസ് അംഗങ്ങളായ എസ്.ഐ. പി.വി.വർഗീസ്, എ.എസ്.ഐ. എം.എ.ബിനോയ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെ.എസ്.അഭിലാഷ്, നവാസ്, റിച്ചാർഡ്, ശ്യാം എസ്.നായർ, വിജയരാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
ചിത്രവിവരണം കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് കടയുടമയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ അജേഷ്, അജ്മൽ, അലൻ, നൗഷാദ് എന്നിവർ.