ചങ്ങനാശേരി : നഗരത്തിലെ ബാറിൽ നിന്ന് മദ്യപിച്ചിറങ്ങിയ ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിൽ രണ്ടുപേർക്ക് വെട്ടേറ്റു. സംഭവവുമായി ബന്ധപ്പെട്ട് അയ്മനം സ്വദേശി കോട്ടമല വീട്ടിൽ മിഥുൻ തോമസ് (45), കഞ്ഞിക്കുഴി മുട്ടമ്പലം വെട്ടിക്കന്നേൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന തിരുവല്ല മുത്തൂർ കൈതവനക്കുന്നിൽ വീട്ടിൽ മുഹമ്മദ് റാഫി (40) എന്നിവരെ പൊലീസ് പിടികൂടി. ശനിയാഴ്ച രാത്രി 11നാണ് സംഭവം. കെ.എസ്.ആർ.ടി.സിയ്ക്ക് സമീപമുള്ള ബാറിൽ ഇരുന്ന് മദ്യപിച്ച പ്രതികൾ സമയം കഴിഞ്ഞിട്ടും പോകാൻ തയ്യാറായില്ല. പുറത്തേക്ക് പോകാൻ ആവശ്യപ്പെട്ട ജീവനക്കാരുമായി സംഘം വാക്കുതർക്കവും കൈയാങ്കളിയുമായി. വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താനും ശ്രമിച്ചു. ഇതിനിടെ സ്ഥലത്തെത്തിയ പൊലീസ് സംഘത്തെ കണ്ട് പ്രതികൾ വാഹനം ഉപേക്ഷിച്ച് ടി.ബി റോഡ് ഭാഗത്തേക്ക് രക്ഷപ്പെട്ടു. ഈ സമയം ഫയർസ്റ്റേഷന് സമീപത്തെ ഹോട്ടലിൽ നിന്നു ഇറങ്ങി വന്ന നിശാന്ത്, രമേശ് എന്നിവരോട് സംഘം ബൈക്കിന്റെ താക്കോൽ ആവശ്യപ്പെട്ടു. താക്കോൽ നൽകാത്തതിനെ തുടർന്ന് തലയ്ക്ക് വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നു. കമ്പിവടിക്കും അടിച്ചു.

തുടർന്ന് പ്രതികൾ പുഴവാത് ഭാഗത്തേക്ക് ഓടി രക്ഷപ്പെട്ടു. തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിൽ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന റാഫിയെ പിടികൂടി. ഒരു കിലോമീറ്റർ അകലെ നിന്നു മിഥുനെ കണ്ടെത്തിയെങ്കിലും പൊലീസിന് നേരെ കല്ലെറിഞ്ഞു. ഒടുവിൽ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു. ഒരാൾക്കായുള്ള അന്വേഷണം പൊലീസ് ഉൗർജ്ജിതമാക്കി. ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലെ 11 ഓളം കേസുകളിൽ പ്രതിയായ മിഥുൻ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുണ്ട്. റാഫി മയക്കുമരുന്നു കേസിലെ പ്രതിയാണ്. ചങ്ങനാശേരി സി.ഐ കെ.പി വിനേദ്, എസ്.ഐ എം.ജെ.അഭിലാഷ്, എ.എസ്.ഐമാരായ കൃഷ്ണൻകുട്ടി, സുദീപ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.