തലയോലപ്പറമ്പ്: പ്രളയം തകർത്താടിയ വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ സങ്കടം ഒതുക്കി കരഞ്ഞ തമ്പിക്ക് ഇനി സന്തോഷത്തിന്റെ ദിനങ്ങൾ. സുന്ദരവും സുരക്ഷിതവുമായ വീട് ഒരുക്കാൻ യുകെയിലെ മലയാളി അസോസിയേഷൻ രംഗത്ത് എത്തിയതോടെ ബധിരനും മൂകനുമായ മേവെള്ളൂർ വളയനിയിൽ തമ്പിക്ക് വീടെന്നെ സ്വപ്നം സാക്ഷാത്ക്കാരമായി. വെള്ളൂർ എച്ച്. എൻ. എൽ. വാടക ക്വാർട്ടേഴ്‌സിൽ നിന്നും പുതിയ വീട്ടിലേക്ക് താമസം മാറ്റുമ്പോൾ വീട് നിർമാണത്തിന് നേതൃത്വം നൽകിയ മേവെള്ളൂർ നാട്ടുകൂട്ടം ചാരിറ്റബിൾ ട്രസ്റ്റിനെ തമ്പി നന്ദിയോടെ സ്മരിക്കുന്നു. യുകെയിലെ മലയാളി അസോസിയേഷനാണ് തമ്പിക്ക് വീട് നിർമ്മിച്ച് നൽകിയത്. ഇന്നലെ വെള്ളൂരിൽ നടന്ന സി.കെ ആശ എം. എൽ. എ. വീടിന്റെ താക്കോൽദാനം നിർവ്വഹിച്ചു. മോൻസ് ജോസഫ് എം. എൽ. എ. മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലൈല ജമാൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.കെ.മോഹനൻ, ബ്ലോക്ക് പഞ്ചായത്തംഗം സരോജിനി തങ്കപ്പൻ വാർഡ് മെമ്പർ ശാലിനി മോഹൻ, മലയാളി അസോസിയേഷൻ പ്രതിനിധികളായ ജയ്‌സൺ സെബാസ്റ്റ്യൻ, ബിബിൻ കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു. നാട്ടുകൂട്ടം ചെയർമാൻ എ.കെ.ദാമോദരൻ സ്വാഗതവും കൺവീനർ സുനിൽ എം.ജി നന്ദിയും പറഞ്ഞു.
മേവെള്ളൂർ വളയനിയിൽ തമ്പിക്ക് യുകെ മലയാളി അസോസിയേഷൻ നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽദാനം സി.കെ ആശ എം. എൽ. എ നിർവ്വഹിക്കുന്നു. മോൻസ് ജോസഫ് എം. എൽ. എ സമീപം.