കോട്ടയം : സിമെന്റ് ബാഗ് ഒന്നിന് ഒറ്റയടിക്ക് അമ്പതു രൂപ കൂട്ടി സാധാരണക്കാരെ പിഴിയുന്ന കമ്പനികൾ വീണ്ടും 30 രൂപ കൂടി വർദ്ധിപ്പിച്ച് പകൽക്കൊള്ള തുടരുന്നു. മറ്റു സംസ്ഥാനങ്ങളിൽ വില കൂടാതിരിക്കെ രണ്ടാഴ്ചയ്ക്കുള്ളിൽ കേരളത്തിൽ മാത്രം 80 രൂപയുടെ വർദ്ധനയാണുണ്ടായത്. വില കുറയ്ക്കാൻ കമ്പനി പ്രതിനിധികളുടെ യോഗം വിളിക്കുമെന്ന് വ്യവസായമന്ത്രി നിയമസഭയിൽ ഉറപ്പ് നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഫെബ്രുവരി ഒന്നിനായിരുന്നു 50 രൂപ കൂട്ടിയത്. കഴിഞ്ഞ ദിവസം ബാഗ് ഒന്നിന് 30 രൂപ കൂടി കൂട്ടിയെന്ന് കമ്പനികൾ വിതരണക്കാരെ അറിയിച്ചു. 27ന് നിർമ്മാണ മേഖല സ്തംഭിപ്പിച്ചുള്ള ബന്ത് പ്രഖ്യാപിച്ചിരിക്കുകയാണ് സിമെന്റ് ഡീലേഴ്സ് അസോസിയേഷൻ.
ഉത്പാദനത്തിൽ കുറവ് വരുത്തി കൃത്രിമക്ഷാമമുണ്ടാക്കി വില കൂട്ടാനുള്ള തന്ത്രമാണ് ദക്ഷിണേന്ത്യൻ സിമെന്റു കമ്പനികൾ നടത്തുന്നതെന്നാണ് വിവരം. നേരത്തേ കോംപറ്റീഷൻ കമ്മിഷൻ ഒഫ് ഇന്ത്യ കൃത്രിമക്ഷാമമുണ്ടാക്കിയ കമ്പനികൾക്ക് 6300 കോടിരൂപ പിഴയിട്ടിരുന്നു. സിമെന്റിന് വില കൂടുമ്പോൾ അധികമായി ലഭിക്കുന്ന നികുതി വരുമാനത്തിൽ കണ്ണുവച്ചാണ് സർക്കാർ ഇടപെടാത്തതെന്നും ആക്ഷേപമുണ്ട്.
വിലക്കയറ്റം ഇങ്ങനെ
ജനുവരിയിൽ
ബാഗ് ഒന്നിന് 350-370 രൂപ
ഫെബ്രുവരി 1
400-420
ഫെബ്രുവരി 10
430-450
സർക്കാർ സിമെന്റും കൂട്ടി 30 രൂപ !
പൊതുമേഖലാ കമ്പനികളുടെ ഇടപെടലിലൂടെയാണ് മറ്റു സംസ്ഥാനങ്ങൾ സിമെന്റ് വില പിടിച്ചു നിറുത്തുന്നത്. സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള മലബാർ സിമെന്റിന്റെ ഉത്പാദനം കൂട്ടി വില പിടിച്ചു നിറുത്തുമെന്ന് മന്ത്രി ഇ.പി. ജയരാജൻ നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. അതേസമയം കേരളവിപണിയിൽ നാലു ശതമാനം മാത്രം പങ്കാളിത്തമുള്ള മലബാർ സിമെന്റ്
മറ്റു കമ്പനികൾ വില കൂട്ടിയതിന്റെ ചുവട് പിടിച്ച് മുപ്പത് രൂപ കൂട്ടി. സർക്കാർ ചുമത്തിയ അധിക നികുതിയും പ്രളയ സെസും നടപ്പാക്കുന്നതോടെ സിമെന്റുവില ഇനിയും ഉയരും. ഇത് മുന്നിൽക്കണ്ട് കൃത്രിമക്ഷാമ പ്രചാരണം നടത്തി അധിക ലാഭത്തിനായി സംസ്ഥാനത്തെ ചിലഡീലർമാർ ഗോഡൗണുകളിൽ സിമെന്റ് പൂഴ്ത്തുന്നുവെന്ന പരാതിയുമുണ്ട്. പ്രളയാനന്തര പുനർനിർമാണപ്രവർത്തനങ്ങളെയും മറ്റ് നിർമാണമേഖലയെയും വിലവർദ്ധന ഇപ്പോൾത്തന്നെ ബാധിച്ചിട്ടുണ്ട്.