പൊൻകുന്നം: മഴ പെയ്താലും കുറ്റം പെയ്തില്ലേലും കുറ്റം എന്ന പോലെയാണ് കർഷകരുടെ അവസ്ഥ.
കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളായി പെയ്യുന്ന വേനൽമഴ കർഷകരിൽ ആശ്വാസവും ആഘാതവുമാണ് സൃഷ്ടിക്കുന്നത്. കനത്ത ചൂടിൽ നിന്നും ചെറിയൊരാശ്വാസം കൂടിയാണീ മഴ. അപ്രതീഷിതമായി കിട്ടിയ വേനൽമഴയിൽ ഒരുവിഭാഗം കർഷകർ ആഹ്ലാദിക്കുകയാണ്.കപ്പ,ചേന,ചേമ്പ്,കാച്ചിൽ തുടങ്ങിയ കിഴങ്ങുവിളകളുടെ നടീൽ കാലമായതിനാൽ ഈ മഴ അവയ്ക്ക് അനിയോജ്യമാണ്. മകരത്തിൽ മഴപെയ്താൽ മലയാളം മുടിയുമെന്നാണ് പഴമൊഴി.എങ്കിലും മഴ മകരത്തിന്റെ അവസാനനാളുകളിലായതിനാൽ പഴമൊഴിയിലെ അപകടത്തിന്റെ വ്യാപ്തി കുറയുമെന്നാണ് കർഷകർ പറയുന്നത്. കുംഭമാസത്തിന്റെ ആദ്യനാളുകളിലെ ഈ മഴ നല്ല വിള നൽകുന്നതിനുപകരിക്കും. എന്നാൽ വാഴകൃഷിക്കും ഈ മഴ നല്ലതാണെന്നിരിക്കെ കുലച്ച വാഴകൾക്കിത് ദോഷമാണ്.കാരണം കുലവന്ന വാഴകൾ മഴയ്ക്ക് ശേഷം ഒടിഞ്ഞു വീഴാം. കുല പാകമാകുന്നതിനു മുമ്പേയാകും വാഴകൾ ഒടിഞ്ഞു വീഴുന്നത്. ഇത് കർഷകർക്ക് കനത്ത നഷ്ടമുണ്ടാക്കും.
മകരത്തിൽ പൂവിട്ട മാവുകളുടെ പൂക്കൾ കൊഴിയാനും ഈ മഴ ധാരാളമാണെന്നാണ് കർഷകർ വേവലാതിപ്പെടുന്നത്. അതേസമയം കുരുമുളക്, കൊടി , കാപ്പി തുടങ്ങിയ വിളകൾക്ക് വേനൽമഴ അനുഗ്രഹമാകും.
എന്നാൽ വാട്ടുകപ്പ ,ഇഞ്ചി ,മഞ്ഞൾ തുടങ്ങിയ ഉത്പന്നങ്ങൾ ഉണക്കുന്നവർക്കും വേനൽമഴ വില്ലനാകും. മകരത്തിൽ മഴയുണ്ടാവില്ലെന്ന ഉറപ്പിലാണ് തുറസായ സ്ഥലങ്ങളിലും പാറപ്പുറത്തും മറ്റും ഇഞ്ചിയും കപ്പയും മഞ്ഞളുമൊക്കെ ഉണക്കാനിടുന്നത്. അപ്രതീഷിതമായെത്തിയ മഴയിൽ ഇവയെല്ലാം നനഞ്ഞ് കുതിർന്നു.
പാതിയുണങ്ങിയ കപ്പയും മറ്റും കുറേയൊക്കെ നഷ്ടമാകും. ഒരുവിഭാഗം കർഷകർക്ക് മഴയൊരനുഗ്രഹമാകുമ്പോൾ മറുവിഭാഗം
മഴയെ പഴിക്കുകയാണ്.
മഴയേ.. നീയും
കിഴക്കൻ മേഖലയിലെ പ്രധാന കൃഷിയായ റബറിന് ഈ മഴ ഇല കൊഴിച്ചിലിന് ഇടയാക്കും.ഡിസംബർ ജനുവരി മാസങ്ങളിൽ തളിരിട്ട ഇലകൾ ഈ മഴയിൽ കൊഴിഞ്ഞുപോകും.തന്മൂലം കറ കുറയുകയും ടാപ്പിംഗ് നിറുത്തേണ്ടതായും വരും.പുതിയ കൂമ്പു മുളച്ച് തളിർക്കുന്നതുവരെ ടാപ്പിംഗ് മുടങ്ങും.വിലയിടിവുമൂലം നടുവൊടിഞ്ഞ റബർ കർഷകർക്ക് വേനൽമഴ കടുത്ത ആഘാതമുണ്ടാക്കും.