കോട്ടയം: റബർബോർഡിലെ മേൽപ്പാലം പൊളിക്കുന്നതിനും, റെയിൽവേ സ്റ്റേഷനിലെ പൈപ്പ് ലൈൻ മാറ്റിസ്ഥാപിക്കുന്നതിന്റെയും ഭാഗമായി പൈപ്പ് ലൈനുകൾ മാറ്റുന്ന ജോലികൾ ആരംഭിച്ചു. ഇന്നലെയാണ് ഗുഡ്ഷെഡ് റോഡിലും, റബർ ബോർഡ് റോഡിലുമുള്ള പൈപ്പ് ലൈനുകൾ മാറ്റുന്ന ജോലികൾ ആരംഭിച്ചത്. പൈപ്പ് ലൈനുകളും, വൈദ്യുതി ലൈനുകളും മാറ്റുന്ന മുറയ്ക്ക് പാലം പൊളിച്ചു തുടങ്ങുമെന്നാണ് അധികൃതർ നൽകുന്ന സൂചന.
നഗരരത്തിലെ കുരുക്കിൽ കുടുങ്ങാതെ കഞ്ഞിക്കുഴിയിൽ നിന്ന് റെയിൽവേ സ്റ്റേഷനിൽ എത്താനുള്ള പ്രധാന റോഡാണ് ഇപ്പോൾ പൊളിച്ച് നീക്കുന്നത്. ഇതുകൂടാതെ ഗുഡ്ഷെഡ് റോഡ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി കുഴിക്കുക കൂടി ചെയ്യുന്നതോടെ ഈ പ്രദേശത്തെ ഗതാഗതം താറുമാറാകും. റെയിൽവേ സ്റ്റേഷനിലേയ്‌ക്ക് വെള്ളം എത്തിക്കുന്ന പൈപ്പ് ലൈൻ നേരത്തെ പാത ഇരട്ടിപ്പിക്കുന്ന ഭാഗത്താണ് കിടന്നിരുന്നത്. പാതഇരട്ടിപ്പിക്കലിനായി മണ്ണ് എടുക്കുമ്പോൾ ഈ ലൈൻ മാറ്റേണ്ടി വരും. ഇത് ഒഴിവാക്കാനാണ് പൈപ്പ് ലൈൻ മാറ്റുന്നത്.