പൊൻകുന്നം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി ജംഗ്ഷനിൽ ഇലക്ട്രിക്കൽ കട നടത്തുന്ന ചെങ്ങളം സ്വദേശിയായ ബിനോ ടോണിയെ കടയിൽ കയറി മുളക്പൊടി വിതറി ആക്രമിച്ച സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. ചെങ്ങളം നെടുമാവ് മാപ്പിളത്താഴെ ഐസക് (63), പാറത്തോട് പുത്തൻപുരയ്ക്കൽ ഫസിലി (41) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്.
ബിനോയുടെ അയൽവാസിയായ ഐസക് വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ അപായപ്പെടുത്തുന്നതിന് മറ്റ് പ്രതികൾക്ക് ക്വട്ടേഷൻ നൽകുകയായിരുന്നു. ഇതിന് ഇടനില നിന്നത് കോട്ടയം കുമരകം ചെങ്ങളം സ്വദേശിയായ റിട്ട.എസ്.ഐ.യാണെന്ന് പൊലീസിന് സൂചന ലഭിച്ചു. ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. ഫസിലി ഇടനിലക്കാരനായി നിന്നാണ് ക്വട്ടേഷൻ നൽകിയത്.ഈ കേസിൽ കഴിഞ്ഞ ദിവസം നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു. സി.സി.ടി.വി.ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.