തലയോലപ്പറമ്പ് : തലയോലപ്പറമ്പ് പട്ടണവും സമീപ പ്രദേശങ്ങളും ഇനി പൊലീസ് കാമറ കണ്ണുകളിലൂടെ നിരീക്ഷിക്കും. അക്രമം, മോഷണം തുടങ്ങി കുറ്റകൃത്യങ്ങളും അപകടങ്ങളും കുറയ്ക്കുന്നതിന്റെ ഭാഗമായി തലയോലപ്പറമ്പ് ജനമൈത്രി പൊലീസ് വ്യാപാരികളുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെയാണ് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ സ്ഥാപിച്ച കാമറകളുടെ ഉദ്ഘാടനം വൈക്കം ഡിവൈ. എസ്. പി. കെ.സുബാഷ് നിർവ്വഹിച്ചു. പൊലീസ് സ്റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.കെ. പി. എ ജില്ലാ പ്രസിഡന്റ് സുരേഷ് കുമാർ, ജനമൈത്രി സമിതി അംഗം എം.ജെ. ജോർജ്, പഞ്ചായത്തംഗം സജിമോൻ വർഗ്ഗീസ്, കൃഷ്ണകുമാർ, റെജി മേച്ചേരി തുടങ്ങിയവർ പ്രസംഗിച്ചു. തലയോലപ്പറമ്പ് എസ്.എച്ച്.ഒ. പി.എ ഷെമീർ ഖാൻ സ്വാഗതവും സി.ആർ.ഒ. പി.എം ജോസഫ് നന്ദിയും പറഞ്ഞു. റോഡ് സുരക്ഷയുടെ ഭാഗമായി സ്കൂൾ കുട്ടികൾക്കായി നടത്തിയ ചിത്രരചനാ മത്സരത്തിൽ വിജയികളായ എ.ജെ.ജോൺ എം. ജി. എച്ച്. എസ്. സ്കൂളിലെ അഖല്യാമോൾ എം.വി, രാജലക്ഷ്മി, സ്നേഹ കെ.പി സെന്റ് ജോർജ്ജ് ഇ. എം. എച്ച്. എസ്. സ്കൂളിലെ ജോർജ്ജ് ജിമ്മി, ട്രീസ എം.ജെ, സൗഗന്ധ് മോഹൻ,പൊതി ലിറ്റിൽ ഫ്ലവർ യു.പി സ്കൂളിലെ സനു, ആഷ്ലിൻ, സോന. എം.എസ് എന്നീ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടത്തി.