hump

തലയോലപ്പറമ്പ് : ബസ് സ്റ്റാന്റിന് മുൻവശത്ത് അശാസ്ത്രീയമായി സ്ഥാപിച്ച ഹമ്പ് അപകടങ്ങൾക്ക് കാരണമാകുന്നു. പ്രധാന റോഡ് നിരപ്പിൽ നിന്നും വളരെ ഉയർന്നു നിൽക്കുന്ന ഹമ്പിൽ ബസ്സുകൾ കയറിയിറങ്ങുമ്പോൾ യാത്രക്കാരുടെ നടുവൊടിയുന്നത് പതിവാണ്. കഴിഞ്ഞദിവസം അടിയം സ്വദേശിയായ അദ്ധ്യാപിക സഞ്ചരിച്ച ബസ് സ്റ്റാന്റിലേക്ക് കയറുന്നതിനിടെ ഹമ്പി ചാടിയതിനെ തുടർന്ന് സീറ്റിൽ നിന്നും നിലത്ത് വീണ് സാരമായി പരിക്കേറ്റിരുന്നു. നടുവിന് പരിക്കേറ്റ ഇവർ ഇപ്പോഴും ചികിത്സയിലാണ്. ബസ്സിൽ ഉണ്ടായിരുന്ന മറ്റ് എട്ടോളം പേർക്കും പരിക്ക് പറ്റിയിരുന്നു. ലിമിറ്റഡ് സ്റ്റോപ്പ് ബസ്സ് ഉൾപ്പടെയുള്ളവ ഹമ്പിൽ കയറിയിറങ്ങുമ്പോൾ യാത്രക്കാർ വീണുപരിക്കേൽക്കുന്നത് പതിവാണ്. സ്റ്റാന്റിലേക്കുള്ള പ്രവേശന കവാടത്തിന് വീതികുറഞ്ഞതിനെ തുടർന്ന് പ്രധാന റോഡിൽ നിന്നും സ്റ്റാന്റിലേക്ക് കയറിയിറങ്ങുന്ന ബസ്സുകളുടെ വേഗം കുറയ്ക്കുന്നതിനുവേണ്ടിയാണ് ഹംപ് സ്ഥാപിച്ചതെങ്കിലും ഇത് യാത്രക്കാർക്ക് ഗുണത്തേക്കാൾ ഏറെ ദോഷമാണ് സൃഷ്ടിക്കുന്നത്. രണ്ടടിയോളം ഉയരമുള്ള ഹംപിൽ ബസ്സുകൾ ചാടി നിയന്ത്രണം വിടുന്നതും വാഹനങ്ങളുടെ പ്ലയിറ്റ് ഉൾപ്പടെയുള്ളവ ഒടിയുന്നതിനും കാരണമാകുന്നുവെന്ന് ബസ്സുടമകൾ പറയുന്നു. മത്സര ഓട്ടത്തിനിടെ ബസ്സുകൾ അതേ വേഗതയിൽ ഹമ്പിലൂടെ ചാടുന്നതാണ് അപകടങ്ങൾക്ക് പ്രധാന കാരണം. താലൂക്ക് വികസന സമിതിയിൽ അപകട ഭീഷണി ഉയർത്തുന്ന ഹംപിന്റെ ഉയരം കുറയ്ക്കണമെന്ന് നിർദ്ദേശം ഉണ്ടായെങ്കിലും ബന്ധപ്പെട്ട അധികൃതർ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. ബസ്സിൽ കയറുന്നതിന് വേണ്ടി എത്തുന്ന യാത്രക്കാർ ഹമ്പിൽ തട്ടി വീണ് പരിക്കേൽക്കുന്ന സംഭവവും നിരവധിയാണ്. അടിയന്തിരനടപടി വേണമെന്ന ആവശ്യം ശക്തമാണ്.