ചങ്ങനാശേരി: ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച പമ്പ് ഹൗസ് കാട് മൂടിയും തുരുമ്പെടുത്തും നശിച്ചു. കാവാലം പഞ്ചായത്തിലെ 4,7 8 വാർഡുകളിൽ വെള്ളമെത്തിച്ചിരുന്ന പമ്പ് ഹൗസാണ് നശിച്ചത്. മുൻപ് ഇവിടെ നിന്നാണ് ശുദ്ധജലം ലഭിച്ചിരുന്നത്. എന്നാൽ ഇന്ന് ഇത് ഒരു സ്മാരകം മാത്രമായി മാറി. ആയിരത്തിലധികം ജനങ്ങൾ താമസിക്കുന്ന പ്രദേശത്തെ കുടിവെള്ള സ്ത്രോതസായിരുന്നു ഇത്. എന്നാൽ ഇന്ന് പമ്പ് ഹൗസ് പ്രവർത്തിക്കുന്ന കെട്ടിടം കാടുകയറിയും പൈപ്പുകളും മറ്റും തുരുമ്പെടുത്തും നാശോന്മുഖമായി. ആയിരക്കണക്കിനാളുകളുടെ ആശ്രയമായ കുടിവെള്ള വിതരണ പദ്ധതിയാണ് വർഷങ്ങളായി നിലച്ചു കിടക്കുന്നത്. കുടിക്കുന്നതിനാവശ്യമായ വെള്ളം ഇവിടെയുള്ളവർ ദിനംപ്രതി വിലയ്ക്കു വാങ്ങുകയാണ് ചെയ്യുന്നത്. മറ്റാവശ്യങ്ങൾക്കായി സമീപത്തെ തോടുകളിൽ നിന്നും കായലിൽ നിന്നും എടുക്കും. ഉപ്പുകലർന്ന വെള്ളമാണ് വീട്ടാവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കുന്നത്. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച പദ്ധതി തുരുമ്പെടുത്തു നശിക്കുന്നതിനെതിരെ
നിരവധി പരാതികളും നിവേദനങ്ങളും സമർപ്പിച്ചിട്ടുണ്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പമ്പ്ഹൗസിന്റെ പ്രവർത്തനം ആരംഭിക്കണമെന്നും ശുദ്ധജല വിതരണം ലഭ്യമാക്കണമെന്നുമുള്ള പ്രദേശവാസികളുടെ ആവശ്യം ശക്തമാകുന്നു.
പമ്പ് ഹൗസ് തകർന്നിട്ട് 25 വർഷം
സകലതും തകർന്നു
രണ്ടുവർഷത്തിനു മുമ്പ് നീരേറ്റുപുറം കുടിവെള്ള പദ്ധതിയുടെ ഭാഗമായി പുതിയ പൈപ്പ് ലൈനുകൾ സ്ഥാപിക്കുകയും ട്രയൽ എന്ന രീതിയിൽ വെള്ളം പമ്പ് ചെയ്തു എന്നല്ലാതെ പിന്നീട് ഈ പൈപ്പ് ലൈനിൽ നിന്നും വെള്ളം വിതരണം ചെയ്തിട്ടില്ല. ഇതിനായി സ്ഥാപിച്ച ടാപ്പും തകർന്ന നിലയിലാണ്.