കുറിച്ചി : ഇത്തിത്താനത്തെ വാട്ടർ കിയോസ്‌കുകൾ നോക്കുകുത്തിയായി. കുടിവെള്ളം കിട്ടാക്കനിയായി തുടരുന്നു. നാളിതുവരെ ഒരുതുള്ളി വെള്ളം പോലും ഈ ടാങ്കുകളിൽ നിറക്കാൻ പഞ്ചായത്ത് ഭരണസമിതിക്ക് കഴിഞ്ഞില്ല. കുറിച്ചി പഞ്ചായത്ത് ജില്ലയിലെ തന്നെ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശമായതിനാൽ കഴിഞ്ഞ വർഷമാണ് ഇത്തിത്താനത്തെ ബഹുഭൂരിപക്ഷം വാർഡുകളിലും വാട്ടർ കിയോസ്‌കുകൾ സ്ഥാപിച്ചത്. കുമരംകുളം ഭാഗം കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന ജനവാസകേന്ദ്രമാണ്. വെള്ളം ലഭ്യമാകുമെന്നു വിശ്വസിച്ച് കിയോസ്‌കുകൾ സ്ഥാപിക്കാൻ സ്ഥലം വിട്ടുകൊടുത്തവർക്ക് സ്ഥലവും നഷ്ടമായി വെള്ളവും കിട്ടിയില്ല. 5000 ലിറ്ററിന്റെ ടാങ്കിന് 30,000 രൂപയോളം വിലവരും. ടാങ്ക് സ്ഥാപിക്കുന്നതിനായി അരലക്ഷം രൂപയാണ് ചെലവഴിച്ചത്. ഇത്തരത്തിൽ ലക്ഷങ്ങളാണ് വാട്ടർ കിയോസ്‌കിന്റെ പേരിൽ പാഴായത്. എട്ടാം വാർഡിൽ കുമരംകുളത്ത് സ്വകാര്യവ്യക്തിയുടെ അനുവാദം കൂടാതെ സ്ഥലം കൈയേറി സ്ഥാപിച്ച കിയോസ്‌ക് മാറ്റി സ്ഥാപിക്കാതെ നശിക്കുകയാണ്. കുടിവെള്ളക്ഷാമം അതിരൂക്ഷമായ ഇത്തിത്താനത്തിന്റെ വിവിധഭാഗങ്ങളിൽ കുടിവെള്ളം വിതരണം ചെയ്യാൻ കുറിച്ചി ഗ്രാമപഞ്ചായത്ത് തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.