jos-k-mani

കോട്ടയം: സീറ്റിനെയും സ്ഥാനാർത്ഥിയെയും ചൊല്ലി കേരള കോൺഗ്രസി (എം)ൽ കടിപിടി കലശലായിരിക്കെ 'രണ്ടിലൊന്ന്' അറിയാനുള്ള പുറപ്പാടിലാണ് പി.ജെ. ജോസഫും അനുകൂലികളും. ഉഭയകക്ഷി ചർച്ചയിൽ ന്യൂട്രൽ കളിയിലൂടെ കോട്ടയം സീറ്റുകൊണ്ട് മാണി തൃപ്തിപ്പെടുമെന്ന ആശങ്കയാണ് ജോസഫിനെ കൂടുതൽ അലട്ടുന്നത്. ജോസ് കെ. മാണി എം.പി നയിക്കുന്ന കേരളയാത്ര നാളെ സമാപിക്കുന്നതിനു പിറകെ സ്ഥാനാർത്ഥി ചർച്ച ആരംഭിക്കാനിരിക്കെയാണ് കടിപിടി മുറുകിയത്. രണ്ട് സീറ്റെന്ന ആവശ്യത്തിൽ പി.ജെ. ജോസഫ് ഉറച്ചുനിൽക്കുകയാണ്. നാളത്തെ സമാപനയോഗത്തിൽ പങ്കെടുക്കേണ്ട ജോസഫ് വിദേശയാത്രയിലുമാണ്.

18ന് യു.ഡി.എഫ് ഉഭയകക്ഷി ചർച്ച ഉണ്ടെങ്കിലും കോൺഗ്രസിന് അവകാശപ്പെട്ട രാജ്യസഭാ സീറ്റ് ജോസ് കെ. മാണിക്ക് നൽകിയതിനാൽ കോട്ടയം സീറ്റുകൊണ്ട് തൃപ്തിപ്പെടണമെന്ന് ഉന്നത കോൺഗ്രസ് നേതാക്കൾ മാണിഗ്രൂപ്പിനെ അറിയിച്ചിട്ടുണ്ട്. പി.ജെ. ജോസഫ് സ്ഥാനാർത്ഥിയായി ജയിക്കുകയും കേന്ദ്രത്തിൽ യു.പി.എ അധികാരത്തിൽ വരികയും ചെയ്താൽ പാർട്ടിയിലെ സീനിയോറിട്ടി വച്ച് ജോസ് കെ. മാണിക്കു പകരം പി.ജെ. ജോസഫിനെ കേന്ദ്രമന്ത്രിയാക്കേണ്ടിവരും. അതിനാൽ ജോസഫ് സ്ഥാനാർത്ഥിയാകാൻ കെ.എം. മാണി ആഗ്രഹിക്കുന്നില്ല. ഈ സാഹചര്യമാണ് മാണിയെ ന്യൂട്രലാക്കുന്നത്.

ജോസ് കെ. മാണിക്ക് രാജ്യസഭാ സീറ്റ് കിട്ടിയതിനാൽ ലോക്സഭാ സീറ്റ് വേണമെന്ന നിലപാട് ജോസഫ് കടുപ്പിച്ചാൽ പ്രശ്നം വഷളാവും. ലോക്സഭാ സീറ്റുകൾ വച്ചുമാറി കോട്ടയത്ത് ഉമ്മൻചാണ്ടിയും ഇടുക്കിയിൽ പി.ജെ. ജോസഫുമെന്ന പ്രചാരണം സജീവമാക്കിയതിനു പിന്നിൽ ജോസഫ് വിഭാഗത്തിന്റെ കളിയെന്നാണ് മാണി ഗ്രൂപ്പ് സംശയിക്കുന്നത്. കോട്ടയം സീറ്റ് മാണിഗ്രൂപ്പിന് തന്നെയെന്ന് ഉമ്മൻചാണ്ടിയെക്കൊണ്ടു പറയിച്ചത് ഈ തന്ത്രം പൊളിക്കാനാണെന്നാണ് ജോസഫ് വിഭാഗം പ്രചരിപ്പിക്കുന്നത്.

രാജ്യസഭാ എം.പിയായതിനാൽ ജോസ് കെ. മാണി മത്സരക്കളത്തിലില്ലെന്നും നിഷ ജോസ് കെ. മാണി മത്സരിക്കുമെന്നുമുള്ള പ്രചാരണവും നേതൃത്വം തള്ളിയതോടെ ഒരു ഡസനോളം പേരുകൾ ഉയർന്നുവന്നു. ഇതിൽ മുൻ എം.എൽ.എമാരായ തോമസ് ചാഴിക്കാടൻ, സ്റ്റീഫൻ ജോർജ്, യുവാക്കളായ പ്രിൻസ് ലൂക്കോസ്, സിറിയക് ചാഴിക്കാടൻ എന്നീ പേരുകളും സജീവമാണ്. നേതൃത്വത്തിന് വിധേയരാകുന്നവരെയും ജോസ് കെ. മാണിക്ക് പാരയാകാത്തവരെയുമാണ് പ്രധാനമായും പരിഗണിക്കുന്നത്. ജോസഫ് വിഭാഗം നേതാവായ മോൻസ് ജോസഫ് പരിഗണനയിൽ വരാത്തതും അതുകൊണ്ടാണ്. സ്ഥാനാ‌ർത്ഥിയാക്കാൻ കത്തോലിക്കാ സമുദായത്തിന് താത്പര്യമുള്ള ഒരു മുൻ ജഡ്ജിയുടെ പേരുമായി ചില ബിഷപ്പുമാരും രംഗത്തെത്തിയിട്ടുണ്ട്.