വൈക്കം : പ്രളയം ദുരിതം വിതച്ച കൊടൂപ്പാടത്തിന്റെ മണ്ണിൽ കൃഷിമേഖലയ്ക്ക് ഉണർവേകി പൊട്ടുവെള്ളരി കൃഷിക്ക് നൂറുമേനി വിളവ്.
പ്രളയക്കെടുതിയിൽ ചോർന്നുപോയ അദ്ധ്വാനത്തിന്റെ വില കർഷക കൂട്ടായ്മയിൽ വീണ്ടെടുക്കുകയാണ്. വാഴകൃഷി, ജൈവ പച്ചക്കറി കൃഷി, ചേന, കാച്ചിൽ, ഇഞ്ചി, പയർ, ചീര, വെള്ളരി, പൊട്ടുവെള്ളരി, തടപ്പയർ തുടങ്ങിയ ഇനങ്ങൾ സമൃദ്ധമായി കൊടൂപ്പാടത്തിന്റെ മണ്ണിന് വിളഞ്ഞുകിടക്കുകയാണ്. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരളയുടെ നേതൃത്വത്തിൽ കർഷകരെ സംഘടിപ്പിച്ച് കൂടുതൽ മേഖലകളിൽ കൃഷി വ്യാപിക്കുന്നതിന്റെ ഭാഗമായാണ് കൊടൂപ്പാടത്ത് കൂടുതൽ കൃഷിയിടങ്ങൾ ഒരുക്കിയത്. മുന്തിയ ഇനം വിത്തുപാകി കുറഞ്ഞകാലയളവിൽ വിളവെടുപ്പ് നടത്തുന്ന സംവിധാനമാണ് ഇവിടെ. വിത്ത് പാകി 40-ാം ദിവസം പൊട്ടുവെള്ളരി വിളവെടുത്തു. ആദ്യ വിളവെടുപ്പിൽ 20 സെന്റ് സ്ഥലത്ത് നിന്നും രണ്ട് ക്വിന്റൽ വിളവാണ് ലഭിച്ചത്. ഗുണഭോക്താക്കൾക്ക് മിതമായ വിലയിൽ ഫ്രഷായ ഉൽപ്പന്നങ്ങൾ വാങ്ങാം. തണ്ണിമത്തനേക്കാൾ ഗുണമേന്മയുള്ള പൊട്ടുവെള്ളരി വേനൽ ചൂടിന് ഒരു ആശ്വാസമാണ്. ഗുണമേന്മകൂടുതലുള്ളതിനാൽ വിപണിയും കൊഴുക്കുന്നു. വി.എഫ്.പി.സി.കെ വഴിയാണ് വിത്തുകൾ വിതരണം ചെയ്തത്. കുലശേഖരമംഗലം സ്വാശ്രയ കർഷക സമിതിയുടെ നേതൃത്വത്തിൽ സുന്ദരൻ നളന്ദ, മോഹനൻ അമ്പാടി, ശിവദാസൻ പത്തുപറ എന്നിവരുടെ നേതൃത്വത്തിലാണ് കൃഷിയിറക്കിയത്. വിളവെടുപ്പ് ഉത്സവം വി.എഫ്.പി.സി.കെ ജില്ലാ മാനേജർ ഐ.രശ്മി ഉദ്ഘാടനം ചെയ്തു. ഉദ്യോഗസ്ഥരായ സുജ തോമസ്, ലിസ്‌ന എം.വർക്കി, ജി.ലേഖ എന്നിവർ പങ്കെടുത്തു.