water-tank

ചങ്ങനാശ്ശേരി: ഇരുപത് വർഷത്തിലധികം പഴക്കമുള്ള വാട്ടർടാങ്ക് നാട്ടുകാർക്ക് ഭീഷണിയാകുന്നു.കുറിച്ചി ഗ്രാമപഞ്ചായത്തിന്റെ അതിർത്തിയായ പൊൻപുഴ പൊക്കത്ത് സ്ഥിതി ചെയ്യുന്ന ഈ ഓവർഹെഡ് ടാങ്കിന്റെ ബലക്ഷയമാണ് നാട്ടുകാരെ ഭയപ്പെടുത്തുന്നത്. ഈ ടാങ്കിന്റെ അടിത്തറയും കോൺക്രീറ്റ് ബീമുകളും ഇളകി. ബീമിനുള്ളിലെ ദ്രവിച്ച കമ്പികൾ പുറത്തേയ്ക്ക് തള്ളിയ നിലയിലാണ്. തൊട്ടടുത്തുള്ള സെന്റ് ജോൺസ് ഗവ.എൽ.പി സ്‌കൂളിലേക്കും ജനവാസകേന്ദ്രമായ കുമരംകുളം ഭാഗത്തേക്കും, കെ.എസ്.ഇ.ബി. ഓഫീസിലേക്കും, തേക്കനാൽ ദേവീക്ഷേത്രത്തിലേക്കും ദിവസേനെ നൂറുകണക്കിന് ആളുകളാണ് ഈ ടാങ്കിന് സമീപമുള്ള റോഡിലൂടെ സഞ്ചരിക്കുന്നത്.ഈ ടാങ്കിന് തൊട്ടടുത്തുതന്നെ ജലനിധിപദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിരിക്കുന്ന മറ്റൊരു ടാങ്കും ഒരു മൊബൈൽ ഫോൺ ടവറും സ്ഥിതി ചെയ്യുന്നുണ്ട്. ഈ ടാങ്ക് മറിഞ്ഞ് വീഴുന്നത് ഇവയുടെ പുറത്തേയ്ക്കാണെങ്കിൽ അപകടത്തിന്റെ ഭീകരത വർദ്ധിക്കും. എന്നാൽ വാട്ടർ അതോറിട്ടി വർഷങ്ങൾക്ക് മുമ്പ് ടാങ്ക് കൈമാറിയതിനാൽ അവരുടെ ആസ്തിലിസ്റ്റിൽ ഇങ്ങനെയൊരു ടാങ്ക് ഇല്ല. വർഷങ്ങൾക്ക് മുമ്പ് ചാലച്ചിറ പദ്ധതി നിന്നുപോയതുകൊണ്ടും നിലവിൽ ഭാരവാഹികൾ ഇല്ലാത്തതിനാലും അവരും ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറല്ല.

 ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം പ്രാദേശികഭരണകൂടങ്ങൾക്കുണ്ട്. സ്വയംഭരണസ്ഥാപനത്തിന്റെ അധികാരമുപയോഗിച്ച് കുറിച്ചി ഗ്രാമപഞ്ചായത്ത് തന്നെ ടാങ്ക് പൊളിച്ചുമാറ്റാൻ വേണ്ട നടപടികൾ സ്വീകരിക്കണം.

സി.പി.എം പുളിമൂട് ബ്രാഞ്ച് കമ്മിറ്റി

 ഇതാണ് പ്രശ്നം

വർഷങ്ങൾക്ക് മുൻപ് കല്ലുകടവിൽ നിന്നും ശുദ്ധജലമെത്തിക്കുന്നതിനായി വാട്ടർ അതോറിട്ടി സ്ഥാപിച്ച ടാങ്കാണിത്.

പിന്നീട് വാട്ടർ അതോറിട്ടി സേവനരംഗത്തുനിന്നും മാറുകയും ടാങ്ക് അടക്കം പദ്ധതി ഇത്തിത്താനം ശുദ്ധജലവിതരണ സമിതിക്ക് കൈമാറുകയും ചെയ്തു. അതോടെ ടാങ്കിന്റെ ഉടമസ്ഥാവകാശം ശുദ്ധജലവിതരണ സമിതിക്കായി. എന്നാൽ സമിതി ഈ പദ്ധതിയെ രണ്ടായി വിഭജിച്ച് ചാലച്ചിറ ശുദ്ധജലവിതരണ സമിതിയെന്നപേരിൽ മറ്റൊരു പദ്ധതിക്ക് രൂപം നൽകി. ഇതിന്റെ ഭാഗമായി ചാലച്ചിറയിൽ ഗ്രാമപഞ്ചായത്ത് വക സ്ഥലത്ത് ഒരു ഭൂഗർഭ ടാങ്ക് നിർമ്മിച്ച് കല്ലിശേരിയിൽ നിന്നും ജലം ശേഖരിച്ച് പൊൻപുഴപൊക്കത്തുള്ള ഈ ടാങ്കിൽ എത്തിച്ച് കുമരകംകുളം ഭാഗത്തേക്കും പുളിമൂട് ഭാഗത്തേക്കും ജലം വിതരണം ചെയ്തു.എന്നാൽ പിന്നീട് കല്ലിശേരിയിൽ നിന്നുള്ള ജലത്തിന്റെ ലഭ്യത ഇല്ലാതായതോടെ ഗ്രാമപഞ്ചായത്തിൽ നിന്നും പൊതുടാപ്പിന്റെ പണം ലഭിക്കാതെ വന്നതോടെയുണ്ടായ സാമ്പത്തിക ബാദ്ധ്യതമൂലവും ചാലച്ചിറ പദ്ധതി ഉപേക്ഷിച്ചു.

അതോടെ മൂന്നുലക്ഷം വിലവരുന്ന രണ്ടു മോട്ടോറുകളും തുരുമ്പെടുത്തു. ഇപ്പോൾ വാട്ടർടാങ്കും നശിച്ചു.