pipeline

തലയോലപ്പറമ്പ് :തലയോലപ്പറമ്പിലും പരിസര പ്രദേശങ്ങളിലും പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നതിന് ശാശ്വത പരിഹാരമാകുന്നു. അറ്റകുറ്റപ്പണികൾ നടത്തി തകരാർ പരിഹരിച്ച പൈപ്പ് ലൈൻ നിരവധി തവണ പൊട്ടി ലിറ്ററുകണക്കിന് ശുദ്ധജലം പാഴാകാൻ തുടങ്ങിയതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ സമ്പൂർണ കുടിവെള്ള പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച പുതിയ പൈപ്പ് ലൈനിലേയ്ക്ക് പഴയ കണക്ഷൻ മാറ്റി സ്ഥാപിക്കാൻ ജലസേചന വകുപ്പ് അധികൃതർ നടപടി സ്വീകരിച്ചുതുടങ്ങി. തലയോലപ്പറമ്പ്-കോരിക്കൽ റോഡിൽ ഇലക്ട്രിസിറ്റി ഒഫീസിന് മുൻവശത്ത് മാത്രം കഴിഞ്ഞ ആറ് മാസത്തിനിടെ പൈപ്പ് പൊട്ടിയത് 9 തവണയാണ്. ശുദ്ധജല വിതരണ പൈപ്പ് പൊട്ടിയതുമൂലമുണ്ടായ തകരാർ പരിഹരിച്ച് അധികൃതർ മടങ്ങുന്നതിന് പിന്നാലെ പൈപ്പ് വീണ്ടും പൊട്ടുന്ന സ്ഥിതിവിശേഷമാണ്. നിലവാരം കുറഞ്ഞ സാമഗ്രികൾ ഉപയോഗിച്ച് തകരാർ പരിഹരിക്കുന്നതിനാലാണ് പൊട്ടിയ ഭാഗത്ത് വീണ്ടും തകരാർ രൂപപ്പെടാൻ കാരണമെന്ന് നാട്ടുകാരും ആരോപിക്കുന്നു. എന്നാൽ പതിറ്റാണ്ടുകൾക്ക് മുൻപ് സ്ഥാപിച്ച പൈപ്പ് ലൈനിലൂടെ വെള്ളം ശക്തിയായി പമ്പ് ചെയ്യുമ്പോൾ കാലപ്പഴക്കത്താൽ പൊട്ടുന്നതാണെന്നാണ് അധികൃതരുടെ വാദം. ഒരാഴ്ചയ്ക്കകം പുതിയ പൈപ്പിലേയ്ക്ക് കണക്ഷൻ മാറ്റി സ്ഥാപിച്ച് ജലവിതരണം നടത്തുമെന്ന് അധികൃതർ പറയുന്നു.

കമന്റ്: പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ച സ്ഥലത്തെ ജോയിന്റ് നിർമ്മാണം ഒരാഴ്ചക്കകം പൂർത്തിയാക്കി കുടിവെള്ളം ചാർജ്ജ് ചെയ്യും. ഇതോടെ പൈപ്പ് പൊട്ടലിന് പരിഹാരമാകും.സുരേഷ് ( ജലസേചനവകുപ്പ് മെയിന്റനൻസ് വിഭാഗം എ.ഇ വൈക്കം )