ചങ്ങനാശേരി: ഇത്തിത്താനം മേഖലയിലെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. 13-ാം വാർഡിൽ പുളിമൂട്, വാഴയിൽ, ചാലയിൽ എന്നിവിടങ്ങളിലെ ഒട്ടുമിക്ക കിണറുകളും വറ്റി വരണ്ടു. ഒൻപതാം വാർഡിൽ പൊൻപുഴ അംബേദ്ക്കർ സെറ്റിൽമെന്റ് കോളനി, കല്ലമ്പള്ളി, കാർഗിൽ, കുറിഞ്ഞിമുക്ക് പ്രദേശങ്ങൾ പൂർണമായും കരിഞ്ഞുണങ്ങി. വിവിധ പ്രദേശങ്ങളിൽ ജനങ്ങളെല്ലാം കുടിവെള്ളം വിലയ്ക്ക് വാങ്ങുകയാണിപ്പോൾ. കുറിച്ചി ഗ്രാമപഞ്ചായത്തിൽ 17 ജലനിധി പദ്ധതികളാണ് ആരംഭിച്ചതെങ്കിലും അമ്പലക്കോടി ജലനിധിയിലെ വെള്ളം ഒഴിച്ച് മറ്റ് പദ്ധതികളിലെ വെള്ളത്തിൽ ഇരുമ്പിന്റെ അംശം കൂടുതലായതിനാൽ കുടിക്കാൻ കഴിയാത്ത അവസ്ഥയാണ്. പതിനാറാം വാർഡിലെ ചാമക്കുളത്ത് ആരംഭിച്ച ജലനിധിയുടെ കിണറ്റിലെ വെള്ളം പൂർണമായും ചെളിനിറഞ്ഞതാണ്. ഈ വെള്ളം പമ്പുചെയ്ത് കളയാൻ ശ്രമിച്ചപ്പോൾ മറ്റുള്ളവരുടെ കിണറുകളിൽ ചെളിവെള്ളം താഴ്ന്ന് അവരുടെ കിണറുകൾ വരെ മലിനമാക്കപ്പെട്ടതായും ആക്ഷേപമുണ്ട്.
പദ്ധതി യാഥാർത്ഥ്യമാകില്ലെന്നറിഞ്ഞ ഉപഭോക്താക്കളിൽ പലരും പൈപ്പുകണക്ഷനുകൾ എടുത്തു മാറ്റി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുഴൽക്കിണറുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയിലെ ജലം ജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്നില്ല. ഇത്തിത്താനത്തിന്റെ വിവിധ സ്ഥലങ്ങളിൽ കുഴിച്ച പഞ്ചായത്തുകിണറുകളിൽ വെള്ളം ലഭ്യമാണെങ്കിലും വർഷങ്ങളായി കിണർ വൃത്തിയാക്കാത്തതുമൂലം വെള്ളം ഉപയോഗിക്കാൻ കഴിയുന്നില്ല.
ഒൻപതാം വാർഡിലെ കുറിഞ്ഞിമുക്കിലെ പഞ്ചായത്ത് കിണർ ആഴംകൂട്ടിയെടുത്ത് ഒരു ജലപദ്ധതിക്ക് രൂപം നൽകിയാൽ കാർഗിൽ, കല്ലമ്പള്ളി പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ കഴിയുമെന്ന് പ്രദേശവാസികൾ പറയുന്നു. പ്രദേശവാസികളെ വിളിച്ചുവരുത്തി ഉപഭോക്തൃകമ്മറ്റി കൂടിയതല്ലാതെ ചിറവംമുട്ടം മഹാദേവക്ഷേത്രംവക കുളം ചുറ്റുമതിൽ കെട്ടി സംരക്ഷിക്കാനുള്ള നടപടികൾ ഉണ്ടാകുന്നില്ലെന്നും സമീപവാസികൾ പറയുന്നു. ഈ കുളം ശുചീകരിച്ചെടുത്താൽ പ്രദേശത്തെ ജനങ്ങളുടെ വീട്ടാവശ്യങ്ങൾക്കായുള്ള വെള്ളം ലഭിക്കും. ഇതിനായി ചാലച്ചിറ തോടിന്റെ ഭാഗമായ മന്നത്തുകടവിൽ നിന്നും ചിറവംമുട്ടം അമ്പലക്കുളം വരെയുള്ള നീർചാൽ പുല്ലുവെട്ടിമാറ്റി ശുചീകരിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.