ഈരാറ്റുപേട്ട : തലയ്ക്ക് മീതെ ദുരന്തം ആടിയുലയുമ്പോൾ ഭീതിയോടെയല്ലാതെ ഇവിടെ ബസ് കാത്തുനിൽക്കാനാവില്ല. അത്ര ദയനീയമാണ് ഈരാറ്റുപേട്ട നഗരസഭ ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ സ്ഥിതി. ദിവസേന നൂറു കണക്കിന് ബസുകളും ആയിരക്കണക്കിന് യാത്രക്കാരും വന്നുപോകുന്ന പ്രധാന സ്റ്റാൻഡാണിത്. കാലപ്പഴക്കവും കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താത്തതുമാണ് കെട്ടിടത്തെ അപകടാവസ്ഥയിലാക്കിയത്. മാറി മാറി വന്ന നഗരസഭ ഭരണ നേതൃത്വം ഇക്കാര്യത്തിൽ കടുത്ത നിസംഗത പുലർത്തിയതും തകർച്ചയ്ക്ക് ആക്കം കൂട്ടി.
കഴിഞ്ഞ ദിവസം സ്റ്റാൻഡിൽ നിന്നു ബസുകൾ പുറത്തേയ്ക്കിറങ്ങുന്ന ഭാഗത്തെ കോൺക്രീറ്റ് ഭാഗങ്ങൾ ഇളകിവീണെങ്കിലും അപകടങ്ങളൊന്നുമുണ്ടായില്ല. ബസ് പുറത്തേയ്ക്കിറങ്ങിയ സമയവും സ്ഥലത്ത് യാത്രക്കാരില്ലാതിരുന്നതുമാണ് രക്ഷയായത്. മുകൾനിലയിലെ പാരപ്പറ്റിന്റെ ഭാഗങ്ങളാണ് ഇളകിവീണത്. ഇനിയും അടർന്നു വീഴാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് ഗ്രീൻനെറ്റ് വിരിച്ചത്. മഴക്കാലമായാൽ കെട്ടിടം ചോർന്നൊലിക്കും. യാത്രക്കാർ കുടയും ചൂടിയാണ് നിൽക്കുന്നത്. മുറികൾക്കകവും വെള്ളക്കെട്ടാകും. പല ഭാഗങ്ങളിലും സിമന്റ് അടർന്ന് കമ്പികൾ തെളിഞ്ഞ നിലയിലാണ്. ആലിന്റെ വേരിറങ്ങിയും കെട്ടിടത്തിന് ബലക്ഷയം നേരിടുന്നുണ്ട്. 20 ഓളം വ്യാപാരികളാണ് മുറികൾ ലേലത്തിലെടുത്തിരിക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കണമെങ്കിൽ ഇവരെ ഒഴിവാക്കണം. എന്നാൽ പലരും ഒഴിഞ്ഞു പോകാൻ തയ്യാറാകാത്തതാണ് പ്രതിസന്ധി.
30 വർഷം പഴക്കം
30 വർഷത്തിലധികം പഴക്കമുള്ള കെട്ടിടം പൊളിച്ചുമാറ്റുന്നതിന് നേരത്തെ നടപടികളാരംഭിച്ചെങ്കിലും എല്ലാം ഫയലിൽ ഉറങ്ങുകയാണ്. 2017 നവംബറിൽ ചെയർമാനായിരുന്ന ടി.എം.റഷീദ് കെട്ടിടം മൂന്ന് മാസത്തിനകം പൊളിച്ച് ഹൈടെക്ക് കാത്തിരുപ്പ് കേന്ദ്രത്തോട് കൂടിയ പുതിയ കെട്ടിടം നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മൂന്നരക്കോടി രൂപയുടെ പദ്ധതി കിഫ്ബി വഴി നടപ്പാക്കാനായിരുന്നു ലക്ഷ്യം. അവിശ്വാസത്തിലൂടെ ചെയർമാൻ പുറത്തായതോടെ പദ്ധതി മരവിച്ചു.
1.കോൺക്രീറ്റ് ഭാഗങ്ങൾ അടർന്നു വീഴുന്നു
2.കമ്പികൾ പുറത്തേക്ക് തള്ളിയനിലയിൽ
3.മഴ പെയ്താൽ മുറിക്കകം വെള്ളക്കെട്ട്