ചങ്ങനാശേരി: നിരവധി മോഷണക്കേസുകളിൽ പ്രതിയായ യുവാവും മോഷണമുതൽ വിൽപ്പന നടത്തിയ കേസിൽ അമ്മയും അറസ്റ്റിലായി. മാമ്മൂട് മുണ്ടുകുഴി സന്തോഷിന്റെ (പിണ്ടി സന്തോഷ്) മകൻ രതീഷ് (മൂങ്ങാ രതീഷ്-20), അമ്മ സരള (48) എന്നിവരാണ് അറസ്റ്റിലായത്. കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിനാണ് അറസ്റ്റ് ചെയ്തത്.
മാമ്മൂട്ടിലുള്ള കോൺവെന്റിൽനിന്ന് 50,000 രൂപ, മാമ്മൂട് ചൂരനോലി ഭാഗങ്ങളിൽ വീടുകളിൽ നിന്നും സ്വർണവും പണവും മോഷ്ടിച്ചത്, ചാഞ്ഞോടിയിലുള്ള വീട്ടിൽനിന്ന് ആറേമുക്കാൽ പവൻ സ്വർണം കവർന്നത് എന്നീ കേസുകളിലാണ് രതീഷ് അറസ്റ്റിലായത്. മോഷണമുതൽ വില്പന നടത്തുകയും പണയം വയ്ക്കുകയും ചെയ്തതിനാണ് സരള അറസ്റ്റിലായത്.
സ്വർണക്കടകളിൽ വിൽക്കുകയും സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയംവയ്ക്കുകയും ചെയ്ത സ്വർണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പൊലീസ് സൈബർ സെൽ എക്‌സ്പർട്ട് ഷൈജു ആഞ്ചലോ നടത്തിയ പരിശോധനയിലാണ് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്. മാമ്മൂട് പള്ളി പെരുന്നാളിന് എത്തിയ രതീഷിന്റെ മൊബൈൽ ട്രെയ്‌സ് ചെയ്ത് പൊലീസ് ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മോഷണങ്ങളുടെ വിശദാംശങ്ങൾ ലഭിച്ചത്. 14-ാം വയസ് മുതൽ മോഷണം നടത്തിയ രതീഷ് ദുർഗുണ പരിഹാരപാഠശാലയിൽ കിടന്നിട്ടുണ്ട്. ഇയാൾ മോഷ്ടിക്കുന്ന പണം സരളയെ ഏൽപിക്കുകയായിരുന്നു പതിവ്. സരള പിടിച്ചുപറിക്കേസിൽ ഇതിനു മുൻപ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. രതീഷിന്റെ പിതാവ് പിണ്ടി സന്തോഷ് ളായിക്കാട് അശോകനെ കുത്തിക്കൊന്ന കേസിലെ പ്രതിയാണ്. ഇയാൾ ഇപ്പോൾ മോഷണക്കേസിൽ മാവേലിക്കര സബ്‌ജയിലിൽ റിമാൻഡിലാണ്. ചങ്ങനാശേരി ഡിവൈ.എസ്.പി എസ്. സുരേഷ്‌കുമാർ, തൃക്കൊടിത്താനം എസ്.ഐ റിച്ചാർഡ് വർഗീസ്, എ.എസ്.ഐമാരായ സാബു സണ്ണി, ചന്ദ്രബാബു, ഷാജിമോൻ, സാബു, കെ.കെ. റെജി, പൊലീസുകാരായ ബിജു, രഞ്ജീവദാസ്, ബെന്നി ചെറിയാൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.