കോട്ടയം: രോഗിയുടെ ശരീരത്തിൽ മരുന്നുകൾ അടങ്ങിയ ട്രേകൾ വച്ച ട്രെയിനി നഴ്സിന് സമാനശിക്ഷ നൽകിയ മെഡിക്കൽ കോളേജ് സർജറി വിഭാഗം മേധാവി ഡോ.ജോൺ എസ്. കുര്യനെ സ്ഥലംമാറ്റി. നഴ്സിംഗ് സംഘടനകളുടെ സമരത്തെത്തുട‌ർന്നാണ് നടപടി. അതേസമയം രോഗിക്കു വേണ്ടി സമരം ചെയ്യാൻ ആരുമില്ലാത്തതിനാൽ നഴ്സിനെതിരെ നടപടിയെടുത്തില്ല.

തിങ്കളാഴ്ചയായിരുന്നു വിവാദ സംഭവം. ബൈക്കപകടത്തിൽ പാൻക്രിയാസിന് ക്ഷതമേറ്റതിനാൽ ശസ്ത്രക്രി കഴിഞ്ഞ് കിടന്നിരുന്ന കറുകച്ചാൽ ഇടയിരിക്കപ്പുഴ സ്വദേശിയായ യുവാവിന്റെ ശരീരമാണ് നഴ്സ് 'ട്രേകൾ വയ്ക്കാനുള്ള മേശ"യാക്കിയത്. ഇത് കണ്ട ഡോക്ടർ നഴ്സിനെ ശാസിക്കുകയും പഠനം കഴിഞ്ഞ് പരിശീലനത്തിനെത്തിയതാണെന്ന് മനസിലായപ്പോൾ കട്ടിലിൽ കിടക്കാൻ ആവശ്യപ്പെടുകയും ഇതേ ട്രേകൾ മൂന്ന് മിനിറ്റോളം നഴ്സിന്റെ കാലിൽ കയറ്റി വയ്ക്കുകയും ചെയ്തുവെന്നാണ് ആക്ഷേപം. ഹെഡ് നഴ്സും രോഗികളും കണ്ടു നിൽക്കെയുണ്ടായ ഈ നടപടി മനോവിഷമമുണ്ടാക്കിയെന്ന് നഴ്സ് പരാതിപ്പെട്ടു. ഇതിന്റെ പേരിൽ ഇന്നലെ രാവിലെ 7.30മുതൽ നഴ്സിംഗ് സംഘടനകൾ സംയുക്തമായി ആശുപത്രിയിൽ സമരം നടത്തി. തുടർന്നാണ് ഡോക്ടറെ സ്ഥലംമാറ്റാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടത്. അതേസമയം രോഗിയുടെ പരാതിയിൽ നടപടിയുണ്ടായിട്ടില്ല. ട്രേകൾ വച്ചത് മൂലം ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായതായും നഴ്സിനെതിരെ നടപടിയെടുക്കണമെന്നും സൂപ്രണ്ടിന് നൽകിയ പരാതിയിൽ പറയുന്നു.

 ക്ഷമ ചോദിക്കാൻ തയ്യാർ

പഠനം കഴിഞ്ഞ് പരിശീലനത്തിനെത്തിയ കുട്ടി തെറ്റായ ശീലം പഠിക്കരുതെന്ന് കരുതിയാണ് ശിക്ഷിച്ചത്. മരുന്നുകളും മറ്റ് ഉപകരണങ്ങളും ഉൾപ്പെടെ ഒന്നര കിലോ വീതമുള്ള രണ്ട് ട്രേകളാണ് രോഗിയുടെ തുടയിലും കാലിലും വച്ചത്. ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗിയുടെ ശരീരത്തിൽ ഇവ വയ്ക്കുന്നത് ശരിയല്ല. ശീലത്തിന്റെ ഭാഗമായി നഴ്സുമാർ ഇങ്ങനെ ചെയ്യാറുണ്ടെങ്കിലും പുതുതലമുറയിൽപ്പെട്ട നഴ്സ് തെറ്റായ ശീലം പഠിക്കരുതെന്ന് നിർബന്ധമുള്ളതിനാൽ അതിന്റെ ബുദ്ധിമുട്ട് മനസിലാക്കിക്കൊടുക്കുക മാത്രമാണ് ചെയ്തത്. നഴ്സിന് മാനസിക വിഷമുണ്ടായെങ്കിൽ ക്ഷമ ചോദിക്കാൻ തയ്യാറാണ്. സ്ഥലം മാറ്റവിവരം മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞത് ''

- ഡോ.ജോൺ എസ്. കുര്യൻ

 ഇങ്ങനെയല്ല ശിക്ഷിക്കേണ്ടത്

'' ഡോക്ടർ സഹപ്രവ‌ർത്തകരെ മാനസികമായി പീഡിപ്പിക്കുന്നത് പതിവാണ്. ട്രേയിൽ ഭാരംകുറഞ്ഞ സാധനങ്ങളാണ് ഉണ്ടായിരുന്നത്. നഴ്സ് കരഞ്ഞു പറഞ്ഞിട്ടും ഡോക്ടർ ശിക്ഷിച്ചു. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഇങ്ങനെയല്ല ശിക്ഷിക്കേണ്ടത്''

- ഹെന ദേവദാസ്, ( ഗവ.നഴ്സ് അസോ സംസ്ഥാന കമ്മിറ്റി അംഗം)