കോട്ടയം: ഇങ്ങനെ ചൂടാവല്ലേ എന്ന് ആരും പറഞ്ഞു പോകും, പ്രണയ ദിനത്തിൽ ജില്ലയിൽ അനുഭവപ്പെട്ട ചൂട് 36.5 ഡിഗ്രി സെഷ്യൽസാണ്. ഇന്നലെ അൽപ്പം കുറഞ്ഞ് 35 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. ഇക്കണക്കിനാണെങ്കിൽ മാർച്ചിൽ താപനില നാൽപ്പതിനോട് അടുക്കുമെന്നാണ് കണക്കുകൂട്ടൽ. സൂര്യാഘാതവും രോഗങ്ങളും കരുതിയിരിക്കാൻ ആരോഗ്യവിഭാഗം ജാഗ്രതാ നിർദേശം നൽകി.
സൂര്യാഘാതം
അന്തരീക്ഷതാപം പരിധിവിട്ടുയർന്നാൽ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകുകയും ശരീരതാപം പുറന്തള്ളാൻ കഴിയാതെ വരികയും ചെയ്യും. ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളും തകരാറിലാക്കുന്നതാണ് സൂര്യാഘാതം. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം. ഉയർന്ന ശരീരതാപം (103 ഫാരൻഹീറ്റിനു മുകളിൽ), വറ്റിവരണ്ടു ചുവന്നു ചൂടായ ശരീരം, വേഗത്തിലുള്ള നാഡിമിടിപ്പ്, ശക്തിയായ തലവേദന, തലകറക്കം.
ശരീര തിണർപ്പ് (ഹീറ്റ് റാഷ്)
ചൂടേറുമ്പോൾ ശരീരം വിയർക്കുന്ന ഭാഗങ്ങളിൽ ചൊറിഞ്ഞ് പൊങ്ങും. കുട്ടികളിൽ കൂടുതലായി കാണുന്നു. കഴുത്തിലും നെഞ്ചിന്റെ മുകൾഭാഗത്തും കക്ഷത്തിലും കാണപ്പെടാം. അധികം വെയിൽ ഏൽക്കാതിരിക്കലാണു പരിഹാര മാർഗം. ശരീരം വിയർത്തൊലിക്കുന്ന അവസ്ഥ ഒഴിവാക്കുക.
പേശിവലിവ് (ഹീറ്റ് ക്രാംപ്)
ചൂടു കൂടുമ്പോൾ ശരീരം വിയർത്ത് ജലാംശം നഷ്ടപ്പെട്ടാണ് പേശീവലിവുണ്ടാകുന്നത്. കൈകാലുകൾ, ഉദരപേശികൾ എന്നിവിടങ്ങളെയാണ് കൂടുതലും ബാധിക്കാറുള്ളത്. പേശിവലിവ് അനുഭവപ്പെട്ടാൽ തണലുള്ള ഭാഗത്തേക്കു മാറുക, ധാരാളം വെള്ളം കുടിക്കുക എന്നിവയാണു പ്രതിവിധി. ഏതാനും മണിക്കൂർ വിശ്രമിക്കുകയും വേണം.
പനിക്കാരുടെ എണ്ണം വർദ്ധിച്ചു
ചൂട് കൂടിയതോടെ പനി, ചിക്കൻപോക്സ് ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. ശരീരവേദന, ജലദോഷം തുടങ്ങിയവയാണ് വേനൽക്കാലത്തെ പനിയുടെ ലക്ഷണം. ഇന്നലെ മാത്രം 286 പേരാണ് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്.
തൊഴിലാളികൾക്ക് കർശന നിർദേശം
'' സൂര്യതാപത്തിൽ നിന്ന് രക്ഷപ്പെടാൻ ജോലിസമയം പുനക്രമീകരിക്കാൻ തൊഴിൽ ഉടമകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഉച്ചയ്ക്ക് 12 മുതൽ 3 വരെ വെയിലത്ത് ജോലി ചെയ്യരുത്. വെള്ളം ധാരാളം കുടിക്കുക. ദാഹമില്ലെങ്കിലും ഓരോ മണിക്കൂറിലും രണ്ടു ഗ്ലാസ് വെള്ളം കുടിക്കണം. നന്നായി വിയർക്കുന്നവർക്ക് ഉപ്പിട്ട കഞ്ഞിവെള്ളമോ നാരങ്ങാ വെള്ളമോ ആണ് നല്ലത്''
ഡോ. രാജൻ, ഡെപ്യൂട്ടി ഡി.എം.ഒ