ചങ്ങനാശേരി : പൊട്ടിപ്പൊളിഞ്ഞ ചാലച്ചിറ-പ്ലാമൂട് റോഡിൽ കാൽനടയാത്ര പോലും ദുസഹമാകുന്നു. ദിനംപ്രതി നിരവധി ചെറുതും വലുതുമായ വാഹനങ്ങളും യാത്രക്കാരും കടന്നുപോകുന്ന റോഡാണിത്. ചെറുതും വലുതുമായ നിരവധി കുഴികളാണ് ഈ റോഡിൽ രൂപപ്പെട്ടിരിക്കുന്നത്. ചാലച്ചിറ തോടിന്റെ അരികിലൂടെയുള്ള കുതിരപ്പടി - കല്ലുകടവ് റോഡിൽ സംരക്ഷണ ഭിത്തിയില്ലാത്തതു വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്. വീതി കുറഞ്ഞ റോഡിൽ രണ്ടു വാഹനങ്ങൾക്കു കടന്നു പോകാൻ സാധിക്കാത്ത അവസ്ഥയാണ്. നേരത്തെ പല തവണ ഈ ഭാഗത്തു വാഹനങ്ങൾ നിയന്ത്രണം വിട്ടു തോട്ടിലേക്കു മറിഞ്ഞിട്ടുമുണ്ട്. അടുത്തിടെ കല്ലുകടവ് പാലം നവീകരിച്ചതു മൂലം റോഡിൽ തിരക്കേറിയിട്ടുണ്ട്. ഇത്തിത്താനം ഇളംകാവ് ദേവീക്ഷേത്രം, പൊടിപ്പാറ തിരുകുടുംബ ദേവാലയം, ഇത്തിത്താനം ഹയർ സെക്കൻഡറി സ്‌കൂൾ, ഇളംകാവ് വിദ്യാമന്ദിർ, ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂൾ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഈ റോഡുവഴിയുള്ള യാത്ര ദുരിതമാകുകയാണ്. ഇളംകാവ് ക്ഷേത്രം വരെയുള്ള തകർന്ന റോഡുകൾ പുനർനിർമ്മിച്ചിരുന്നു. തകർന്നു കിടക്കുന്ന റോഡുകൾ പുനർനിർമ്മിക്കണമെന്നും റോഡിനു വീതി കൂട്ടി സംരക്ഷണ ഭിത്തി അടിയന്തിരമായി നിർമിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.