ട്രഷറി നിയന്ത്രണത്തിൽ തടസപ്പെട്ടത് 28.02 കോടി രൂപ
കോട്ടയം : സാമ്പത്തിക വർഷാവസാനം ഏർപ്പെടുത്തിയ ട്രഷറി നിയന്ത്രണം തദ്ദേശസ്ഥാപനങ്ങളുടെ നട്ടല്ലൊടിക്കുന്നു. ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങൾക്ക് 28.02 കോടി രൂപയുടെ ബില്ലാണ് മാറാൻ കഴിയാതെ കിടക്കുന്നത്. പ്രളയ പുനർനിർമാണവുമായി ബന്ധപ്പെട്ട ബില്ലുകൾക്ക് നിയന്ത്രണമുണ്ടായിരുന്നെങ്കിലും പിന്നീട് അത് ഒഴിവാക്കി. ഒരു ലക്ഷം രൂപയ്ക്ക് മേലുള്ള ബില്ലുകൾ പാസാക്കേണ്ടതില്ലെന്നാണ് ട്രഷറികൾക്കുള്ള നിർദ്ദേശം. മിക്ക തദ്ദേശസ്ഥാപനങ്ങളുടെയും അത്യാവശ്യ ബില്ലുകൾ ലക്ഷങ്ങളും കോടികളും വരും. വൻ തുകയ്ക്ക് ബില്ലുകൾ നൽകിയ നഗരസഭകളാണ് പ്രധാനമായും വെട്ടിലായത്. മുൻകൂർ ബില്ലുകൾ പാസാക്കുന്നില്ല. സ്ഥാപനങ്ങളുടെ ചെക്കുകൾക്കും നിയന്ത്രണമുണ്ട്. ബില്ലുകൾക്കൊപ്പം ബിൽ ബുക്കുകളും ട്രഷറിയിൽ നൽകണം. ബില്ലുകൾ പാസായാൽ ഇവ തിരികെ നൽകും. പൂർത്തിയായ പദ്ധതികളുടെ ബില്ലെഴുതുന്നതിന് ഇത് തടസമാകുന്നു. പണം ലഭിക്കാത്തതിനാൽ ചിലയിടങ്ങളിൽ കരാറുകാരും ഉടക്കിലാണ്.
പ്രതിഷേധിച്ചിട്ടും ഫലമില്ല
ജില്ലാ പഞ്ചായത്തിന് 3.59 കോടിയുടെ ബില്ല് ഇനിയും മാറിക്കിട്ടാനുണ്ട്. ഇതേപ്രശ്നം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ഭരണപക്ഷ അംഗങ്ങൾ ട്രഷറി ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. നഗരസഭകളിൽ ഏറ്റവും കൂടുതൽ തുക മാറിക്കിട്ടാനുള്ളത് കോട്ടയത്തിനാണ്. പഞ്ചായത്തുകളിൽ കടുത്തുരുത്തിക്കും.
നഗരസഭകളുടെ തുക
കോട്ടയം: 2.26
ചങ്ങനാശേരി: 2 കോടി
പാലാ: 74 ലക്ഷം
വൈക്കം: 47. 98
ഏറ്റുമാനൂർ: 82 ലക്ഷം
ഈരാറ്റുപേട്ട: 10.27 ലക്ഷം
നിയന്ത്രണമില്ലാത്തത്
പ്രളയം, പട്ടിക വിഭാഗം, വിദ്യാഭ്യാസം, ശമ്പളം, പെൻഷൻ, മരുന്ന്