വൈക്കം : റോഡരികിലെ മരം കടപുഴകി വീണതിനെത്തുടർന്ന് രൂപപ്പെട്ട കുഴി യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു. തോട്ടകം പാലത്തിന് സമീപം പൊതുമരാമത്ത് വകുപ്പ് റോഡരികിൽ നിന്ന കൂറ്റൻ മരം കടപുഴകി വീണതിനെ തുടർന്നാണ് ഗർത്തം രൂപപ്പെട്ടത്. മരത്തിന്റെ വേര് പൊങ്ങി റോഡിലെ ടാറിംഗ് പൊളിഞ്ഞ് വൻ കുഴി രൂപപ്പെട്ടത് കാൽനടയാത്രക്കാർക്കും വാഹന യാത്രികർക്കും ഒരുപോലെ ഭീഷണിയാണ്. കനാലിന് സമീപത്ത് ഗർത്തം രൂപപ്പെട്ടത് തീരം ഇടിയുന്നതിനുള്ള സാദ്ധ്യത ഏറെയാണ്. സ്കൂൾ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ നിത്യേന കടന്ന് പോകുന്ന ഇവിടെ വാഹനങ്ങൾ ഗർത്തത്തിൽ വീണ് താഴ്ചയുള്ള കനാലിലേക്ക് മറിഞ്ഞാൽ വൻദുരന്തത്തിന് കാരണമാകുമെന്നും നാട്ടുകാർ പറയുന്നു. ബസ്സ് ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾക്ക് സൈഡ് കൊടുക്കുന്നതിനിടെ ഇരുചക്രവാഹന യാത്രികരും കാൽനടയാത്രക്കാരും ഗർത്തത്തിൽ വീണ് പരിക്കേൽക്കുന്നത് പതിവായതോടെ പൊലീസ് അപകട സൂചന ബോർഡ് സ്ഥാപിച്ചിരിക്കുകയാണ്. മരംവീണ് ദിവസങ്ങൾ കഴിഞ്ഞിട്ടും ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കാത്തത് ഏറെ പ്രതിക്ഷേധത്തിനിടയാക്കിയിട്ടുണ്ട്.