കോട്ടയം: കെവിൻ വധക്കേസിൽ കൃത്യവിലോപം കാട്ടിയതിന് സസ്‌പെൻഷനിൽ കഴിയുന്ന മുൻ ഗാന്ധിനഗർ എസ്.ഐ എം.എസ്. ഷിബുവിനെയും പിരിച്ചുവിടും. കൊച്ചി റേഞ്ച് ഐ.ജി വിജയ് സാഖറെ ഷിബുവിന് പിരിച്ചുവിടൽ നോട്ടീസ് നൽകി. പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങിയ എ.എസ്.ഐ ടി.എം. ബിജുവിനെ മൂന്ന് ദിവസം മുൻപ് പിരിച്ചുവിട്ടിരുന്നു. നോട്ടീസിന് മറുപടി നൽകാൻ ഷിബുവിന് 14 ദിവസം സമയം അനുവദിച്ചിട്ടുണ്ടെങ്കിലും ഇത് നടപടിക്രമം മാത്രമാണ്. മറുപടിക്കുശേഷം പിരിച്ചുവിടാനുള്ള ഉത്തരവിറങ്ങും.
കഴിഞ്ഞ മേയ് 27 ന് എസ്.എച്ച് മൗണ്ട് പിലാത്തറയിൽ കെവിൻ പി.ജോസഫിനെ (24) പ്രതിശ്രുത വധു നീനുവിന്റെ ബന്ധുക്കൾ ചേർന്ന് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി പുനലൂർ ചാലിയേക്കര തോട്ടിൽ തള്ളിയ കേസിൽ ഇരുവരും ഗുരുതരമായ കൃത്യവിലോപം കാട്ടിയതായി വകുപ്പുതല അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ജില്ലാ അഡ്‌മിനിസ്ട്രേഷൻ ഡിവൈ.എസ്.പി ആയിരുന്ന വിനോദ് പിള്ളയാണ് വീഴ്‌ച അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചത്. എസ്.ഐയുടെ ഭാഗത്തുനിന്ന് സംഭവിക്കാൻ പാടില്ലാത്ത വീഴ്‌ചയാണുണ്ടായതെന്നും മറ്റുള്ളവർക്കും പാഠമാകാൻ നടപടിയെടുക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
വെള്ളിയാഴ്‌ച വൈകിട്ട് ഐ.ജി തയ്യാറാക്കിയ പിരിച്ചുവിടൽ നോട്ടീസ് ഇന്നലെ രാവിലെയാണ് ഷിബുവിന് കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ കൈമാറിയത്. എ.എസ്.ഐ ബിജുവിന് കഴിഞ്ഞ നവംബർ രണ്ടിനാണ് പിരിച്ചുവിടൽ നോട്ടീസ് നൽകിയത്. ഫെബ്രുവരി 13ന് പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവിറങ്ങി.
കൃത്യവിലോപം ഇങ്ങനെ
1.ഗുരുതരമായ സംഭവമുണ്ടായിട്ടും എസ്.ഐ കേസെടുക്കുകയോ ജാഗ്രത കാട്ടുകയോ ചെയ്തില്ല
2.രാത്രിയിൽ വിവരമറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ വിളിച്ചിട്ടും എസ്.ഐ ഫോൺ എടുത്തില്ല
3. പരാതിയുമായി എത്തിയ നീനു, കെവിന്റെ പിതാവ് ജോസഫ് എന്നിവരോട് മോശമായി പെരുമാറി