chamakulam-tank

ചങ്ങനാശേരി: കരിഞ്ഞുണങ്ങിയ ചാമക്കുളം പ്രദേശത്തെ ജനങ്ങളുടെ അവസാന ആശ്രയമായിരുന്നു ചാമക്കുളം ശുദ്ധജലവിതരണ സമിതിയുടെ പേരിൽ ആരംഭിച്ച ജലനിധി പദ്ധതി. എന്നാൽ പദ്ധതി പൂർണമായും പ്രവർത്തനസജ്ജമായെങ്കിലും ചെളി കലർന്ന വെള്ളമാണ് ലഭിച്ചത്. ലഭിച്ച വെള്ളം ഉപയോഗപ്രദമല്ലാത്തതിനാൽ പലരും പുരയിടത്തിലേക്ക് ഒഴുക്കിവിട്ടു. എന്നാൽ ചെളിവെള്ളം ഭൂമിയിൽ താഴ്ന്ന് സമീപ പ്രദേശങ്ങളിലെ കിണറുകൾ പൂർണമായും മലിനമായതോടെ നാട്ടുകാർ പദ്ധതിക്കെതിരെ രംഗത്ത് വന്നു. പിന്നീട് ടാങ്കിലേക്ക് അടിച്ച വെള്ളം തുറന്നു വിടാൻ പോലും കഴിയുന്നില്ല.

ജലനിധി പദ്ധതിയുടെ 75 ശതമാനം തുക സംസ്ഥാനസർക്കാരും 15 ശതമാനം തുക ഗ്രാമപഞ്ചായത്തും ചെലവഴിക്കുമ്പോൾ ബാക്കി 10 ശതമാനം തുക മാത്രമാണ് ഉപഭോക്താക്കൾ അടയ്ക്കേണ്ടതുള്ളൂ. എന്നാൽ ചാമക്കുളം പദ്ധതിക്ക് കുളം കുത്താനുള്ള സ്ഥലത്തിന്റെ പണം മാത്രമേ ഇതുവരെ അധികാരികളിൽ നിന്നും ലഭിച്ചിട്ടുള്ളൂവെന്ന് നാട്ടുകാർ പറയുന്നു. പണമില്ലാതെ പദ്ധതി നിന്നു പോകുമെന്ന അവസ്ഥയിലെത്തിയപ്പോൾ തങ്ങൾ കൂടുതൽ തുക നിക്ഷേപിച്ച് പദ്ധതി യാഥാർത്ഥ്യമാക്കുകയായിരുന്നെന്ന് ഭാരവാഹികൾ പറയുന്നു. ചെളിനിറഞ്ഞ വെള്ളം ഒഴുക്കികളയുന്നതു സംബന്ധിച്ച് ഭാരവാഹികൾ പലപ്രാവശ്യം ജനപ്രതിനിധികളെ നേരിട്ടുകണ്ട് നിവേദനങ്ങൾ നൽകിയെങ്കിലും നടപടിയുണ്ടായില്ല.

ജലനിധി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഗ്രാമപഞ്ചായത്തും കയ്യൊഴിഞ്ഞതോടെ ചാമക്കുളം ശുദ്ധജലവിതരണപദ്ധതി ഇപ്പോൾ ജലരേഖയായി മാറിയെന്നാണ് ഉപഭോക്താക്കളുടെ ആശങ്ക. ഈ പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങൾക്കായി ഒരു കിയോസ്‌ക് വാട്ടർടാങ്ക് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതിൽ വെള്ളമില്ലെന്ന് വീട്ടമ്മമാർ പറയുന്നു. ഇപ്പോൾ വാഹനങ്ങളിൽ കുടിവെള്ളം ഇറക്കുകയാണ് പ്രദേശവാസികൾ. ഒരുമാസം 2400 രൂപയെങ്കിലും കുടിവെള്ളത്തിനായി ചെലവഴിക്കേണ്ട ഗതികേടിലാണ് ഇവർ. ഗ്രാമപഞ്ചായത്ത് യുദ്ധകാലടിസ്ഥാനത്തിൽ വാട്ടർ കിയോസ്‌കിൽ വെള്ളം നിറയ്ക്കുകയും ചാമക്കുളം പ്രദേശത്ത് വാഹനങ്ങളിൽ ജല വിതരണം നടത്തുകയും ചെയ്യണമെന്ന് സി.പി.എം ചാമക്കുളം ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.

 ഇരുമ്പിന്റെ അംശവും കൂടുതൽ !

ചെളി കൂടാതെ ജലത്തിൽ ഇരുമ്പിന്റെ അംശം കൂടുതലാണ്. വെള്ളം പ്യൂരിഫയർ ചെയ്യാനുള്ള ഉപകരണങ്ങൾ ഗ്രാമപഞ്ചായത്തിൽ നിന്നും നൽകാമെന്ന വാഗ്ദാനത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. വാട്ടർ പ്യൂരിഫയർ ലഭ്യമായാൽ വെള്ളം വീട്ടിലെ മറ്റ് ആവശ്യങ്ങൾക്ക് എങ്കിലും ഉപയോഗിക്കാൻ കഴിയുമെന്ന് വീട്ടമ്മമാർ പറയുന്നു. ഇതിനായി ജലനിധി പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മുട്ടത്തുകടവിലുള്ള ഓഫീസ് അടഞ്ഞുകിടക്കുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു.

 ചാമക്കുളം ജലനിധി പദ്ധതി ...

കുറിച്ചി ഗ്രാമപഞ്ചായത്തിലെ 16-ാം വാർഡിൽ അഞ്ചു വർഷം മുൻപ് പ്രവർത്തനം ആരംഭിച്ച ഈ പദ്ധതിയിൽ പ്രദേശത്തെ 54 കുടുംബങ്ങളും ഏക അംഗൻവാടിയും അംഗങ്ങളായി. വീടൊന്ന് 10,000 രൂപ മുതൽ 15,000 രൂപവരെ പദ്ധതിക്കായി ഇതുവരെ ചെലവഴിച്ചുകഴിഞ്ഞു.