കോട്ടയം : പ്രളയാനന്തര പുനരുജ്ജീവനത്തിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക പലിശരഹിത വായ്പ അനുവദിക്കുമെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഫിഷറീസ് വകുപ്പ് ജില്ലയിൽ നടപ്പാക്കുന്ന പ്രളയാനന്തര പാക്കേജിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. പദ്ധതിയുടെ പ്രാരംഭഘട്ട നടപടികൾ ഉടൻ പൂർത്തിയാകും. മത്സ്യഫെഡിന്റെ സഹകരണത്തോടെയാണ് 100 കോടി രൂപ പലിശരഹിതമായി അനുവദിക്കുന്നത്. മത്സ്യത്തൊഴിലാളികൾക്ക് വള്ളവും വലയും ഉൾപ്പെടെയുള്ള ജീവനോപാധികൾ വാങ്ങാൻ സഹായിക്കുകയാണ് ലക്ഷ്യം. ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്കും ഇത് സഹായകരമാകും.
മത്സ്യക്കൃഷി പുനഃസ്ഥാപനത്തിന് 40 കോടി ഈ വർഷം നീക്കിവച്ചിട്ടുണ്ട്. ഉയർന്ന ഗുണനിലവാരവും ഉത്പാദന ശേഷിയുമുള്ള മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി പ്രത്യേക സീഡ് സെന്റർ, ബയോട്ടിക് ലാബ് തുടങ്ങിയവ സ്ഥാപിക്കും. സംസ്ഥാനത്തുടനീളം 70 മത്സ്യ മാർക്കറ്റുകൾ സ്ഥാപിക്കാനും ലക്ഷ്യമിടുന്നുണ്ട്. ഇതോടെ സംസ്ഥാനത്തെ മത്സ്യമേഖല സ്വയംപര്യാപ്തമാകുമെന്നും അവർ പറഞ്ഞു.
മാമ്മൻമാപ്പിള ഹാളിൽ നടന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി, നഗരസഭ കൗൺസിലർ എസ്.ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു.