പാലാ: ളാലം ബ്ലോക്ക് പഞ്ചായത്തിന് സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ ബ്ലോക്ക് പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി. തുടർച്ചയായി രണ്ടാം തവണയാണ് മികച്ച ബ്ലോക്ക് പഞ്ചായത്തായി ളാലം ബ്ലോക്കിനെ തെരഞ്ഞെടുക്കുന്നത്.
2012-13 മുതൽ തുടർച്ചയായി ആറ് വർഷമായി 100 ശതമാനം പദ്ധതിവിഹിതം ചെലവഴിക്കുന്ന അപൂർവ്വനേട്ടവും ബ്ലോക്കിന് സ്വന്തമാണ്. 2016-17ൽ സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി, 2003, 2004, 2015 വർഷങ്ങളിൽ മികച്ച രണ്ടാമത്തെ ബ്ലോക്കായും 2013ൽ മികച്ച മൂന്നാമത്തെ പഞ്ചായത്തായും ളാലം ബ്ലോക്കിനെ തെരഞ്ഞെടുത്തിട്ടുണ്ട്. മികച്ച പ്രവർത്തനത്തിനുള്ള കേന്ദ്രസർക്കാരിന്റെ എംപവർമെന്റ് ആൻഡ് ഇൻസെന്റീവ് സ്‌കിം അവാർഡായ സശാക്തീകരൺ പുരസ്‌കാരവും നേടിയിട്ടുണ്ട്. സംപൂർണ ശുചിത്വപദ്ധതിയിലൂടെ 2011ൽ നിർമ്മൽ പുരസ്‌കാരവും ഐ.എസ്.ഒ 9001- 2015 നേടുന്നതിനും നിലനിർത്തുന്നതിനും സാധിച്ചിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടിലേറെയായി കേരളാ കോൺഗ്രസ് എമ്മും കോൺഗ്രസും നേതൃത്വം നൽകുന്ന യു.ഡി.എഫാണ് ബ്ലോക്ക് പഞ്ചായത്ത് ഭരിക്കുന്നത്. കേരളാ കോൺഗ്രസിലെ സിബി ഓടയ്ക്കലാണ് പ്രസിഡന്റ്. വൈസ് പ്രസിഡന്റ് കോൺഗ്രസിലെ പൗളിറ്റ് തങ്കച്ചനാണ്. രാഷ്ട്രീയത്തിനധീതമായി പഞ്ചായത്ത് മുഴുവൻ ഒരു കുടുംബാംഗങ്ങളെ പോലെ കൂട്ടായി പ്രവർത്തിക്കുന്നതാണ് വിജയത്തിനും നേട്ടത്തിനും പിന്നിലെന്ന് സിബി ഓടയ്ക്കൽ പറഞ്ഞു. സോളാർ പദ്ധതി, പച്ചക്കറി കൃഷി പ്രോത്സാഹനം, മന്ദഹാസം, കാർസർ ക്യാമ്പ് തുടങ്ങിയവയെല്ലാം മാതൃകാപദ്ധതികളാണെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച തരുവനന്തപുരത്ത് നടക്കുന്ന പരിപാടിയിൽ അവാർഡ് സമ്മാനിക്കും.
നേട്ടത്തിന് കാരണമായ പ്രധാന പദ്ധതികൾ
200ഓളം പെൺകുട്ടികൾക്ക് തായ്‌ക്വോണ്ട പരിശീലനം
പെൺകുട്ടികളുള്ള സ്‌കൂളുകളിൽ നാപ്കിൻ ഡിസ്‌ട്രോയർ സ്ഥാപിക്കൽ
മന്ദഹാസം പദ്ധതിയിലൂടെ 43 വയോദികൾക്ക് ദന്തനിരകൾ വച്ചുനൽകി
പട്ടികജാതി വിഭാഗത്തിൽപെട്ട യുവാക്കൾക്ക് ആദ്യമായി തൊഴിൽ വിസ നേടി വിദേശത്ത് ജോലിക്കായി പോവുന്നതിന് ഒരു ലക്ഷം രൂപാ വീതം ധനസഹായം നൽകി
പട്ടിക വർഗക്കാർക്കും ഭൂരഹിതരായവർക്കും സ്ഥലം വാങ്ങിച്ച് വീടുവച്ചു നൽകി
വയോജനങ്ങൾക്കായി പകൽവീട് പദ്ധതിയും, യുവാക്കൾക്കായി സൗജന്യം കംപ്യൂട്ടർ പരിശീലനവും നെല്ലിയാനിയിൽ പ്ലാസ്റ്റിക് ഷ്രെല്ലിംഗ് യൂണിറ്റും സ്ഥാപിക്കൽ, പഞ്ചായത്ത് കോംപൗണ്ടിൽ സോളാർ പാനലുകളും സ്ഥാപിച്ചു
വികലാംഗർക്ക് മോട്ടോർ വീൽചെയറുകളും ഇരുചക്രവാഹനങ്ങളും വിതരണം ചെയ്തു
വിധവകളായ ഭൂരഹിതർക്ക് വീട് വെച്ചു നൽകി