g-sukumaran-nair

കോട്ടയം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ രംഗത്ത്. എൻ.എസ്.എസിനെ ചെറുതാക്കി കാണിക്കാൻ കോടിയേരി ശ്രമിക്കേണ്ടെന്ന് സുകുമാരൻ നായർ പറഞ്ഞു. സമയംപോലെ പറ്റിക്കൂടിനിന്ന് എന്തെങ്കിലും നേടുന്ന സംസ്‌കാരം എൻ.എസ്.എസിനില്ല.

'എൻ.എസ്.എസിലെ മഹാഭൂരിപക്ഷവും ഇടതുപക്ഷത്തിനൊപ്പമാണെന്ന കോടിയേരിയുടെ പ്രസ്താവന നിരർത്ഥകമാണ്. എല്ലാ രാഷ്ട്രീയപ്പാർട്ടികളിലും ഉള്ളവരും രാഷ്ട്രീയത്തിന് അതീതരായവരും എൻ.എസ്.എസിലുണ്ട്. കോടിയേരിയുടെ അഭിപ്രായപ്രകടനം യുക്തിഭദ്രമല്ല.
നേതൃത്വം പറഞ്ഞാൽ നായൻമാർ കേൾക്കില്ലെന്ന് മുമ്പ് പറഞ്ഞിട്ടുള്ളവരുടെ അവസ്ഥ ഇന്ന് എന്താണെന്നുള്ളത് കോടിയേരി ഓർക്കുന്നത് നന്ന്. എൻ.എസ്.എസ് നേതൃത്വത്തിനു സർക്കാരിനോടു വിപ്രതിപത്തിയുണ്ടെന്ന കാര്യം പലതവണ വ്യക്തമാക്കിയിട്ടുണ്ട്. അത് സ്വാർത്ഥപരമല്ല, വിശ്വാസ സംരക്ഷണത്തിന്റെ പേരിൽ മാത്രമാണ്. അക്കാര്യത്തിൽ ശത്രുപക്ഷത്താണ് എൻ.എസ്.എസിനെ കാണുന്നതെങ്കിൽ അതിനെ വിശ്വാസികളോടൊപ്പം നിന്ന് സമാധാനപരമായി നേരിടും"- സുകുമാരൻ നായർ പറഞ്ഞു.