കോട്ടയം: ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിൽ വിവിധ പദ്ധതികളിൽ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് മാനദണ്ഡം ലംഘിച്ച് വാർഡ്, ഗ്രാമസഭകൾ നടത്തുന്നതായി ആക്ഷേപം. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പേരുപറഞ്ഞാണ് പല തദ്ദേശസ്ഥാപനങ്ങളും തിരക്കിട്ട് വാർഡ്, ഗ്രാമസഭ വിളിച്ചു ചേർക്കുന്നത്. മണിമല പഞ്ചായത്തിൽ ഇത്തരത്തിൽ വാർഡ് സഭകൾ ചേർന്നത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ജില്ലയിലെ ഭൂരിഭാഗം നഗരസഭകളിലും പഞ്ചായത്തുകളിലും ഇതാണ് അവസ്ഥ.
നടക്കേണ്ടത്
അവസാന തീയതി മുൻകൂട്ടി അറിയിച്ച് അപേക്ഷ ഫോറം നൽകണം. തുടർന്ന് അർഹതാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ കരട് പട്ടിക തയാറാക്കണം. ഇത് രണ്ട് ഉദ്യോഗസ്ഥർ നേരിട്ടു പരിശോധിച്ച് സാക്ഷ്യപ്പെടുത്തണം. പുതുക്കിയ പട്ടിക പരാതി സ്വീകരിക്കുന്നതിന് പത്തുദിവസത്തേയ്ക്ക് പ്രസിദ്ധീകരിക്കണം. അന്തിമ പട്ടികയ്ക്ക് ഗ്രാമസഭയും തദ്ദേശ സ്ഥാപന ഭരണസമിതിയും അംഗീകാരം നൽകണം. പട്ടിക നോട്ടീസ് ബോർഡിലും വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കണം.
നടക്കുന്നത്
പല തദ്ദേശ സ്ഥാപനങ്ങളിലും പദ്ധതികളിൽ വകുപ്പ് മേലധികാരിയുടെ അംഗീകാരം പോലും വാങ്ങാതെ തട്ടിക്കൂട്ടു ഗ്രാമസഭകളും വാർഡുസഭകളും ചേർന്ന് ഇഷ്ടക്കാരെ തിരഞ്ഞെടുക്കുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ വരുമെന്നതാണ് തിരക്കിട്ടു വിളിക്കാൻ കാരണം പറയുന്നത്. നേരിട്ടു വാർഡ്‌സഭയിലും ഗ്രാമസഭയിലും അപേക്ഷ ഫോറം നൽകി അവിടെ നിന്നു തന്നെ ഗുണഭോക്തൃ പട്ടിക തയാറാക്കുന്ന തദ്ദേശ സ്ഥാപനങ്ങളും ഉണ്ട്.