പാലാ: മകൾ പകുത്തു നൽകിയ കരളിന്റെ കരുത്തുമായി പൊതുപ്രവർത്തന രംഗത്തേയ്ക്ക് 'സഖാവ് ലാലിച്ചൻ' വീണ്ടുമെത്തുകയാണ്. ഗുരുതരമായ കരൾ രോഗം ബാധിച്ച് ഒരു വർഷം മുമ്പാണ് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗമായ ലാലിച്ചൻ ജോർജ് ആശുപത്രിക്കിടക്കയിലായത്. ഇദ്ദേഹത്തെ ബാധിച്ച രോഗം പാർട്ടിക്കും വേദനയായി. എത്ര തുക ചെലവഴിച്ചായാലും ലാലിച്ചനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണമെന്ന് ജില്ലയിലെ പാർട്ടി പ്രവർത്തകർ ഒന്നടങ്കം തീരുമാനിച്ചു.
രോഗത്താൽ ദ്രവിച്ച കരൾ മാറ്റിവയ്ക്കുക മാത്രമായിരുന്നു പോംവഴി. ഡി.ഫാം വിദ്യാർത്ഥിനിയായ മകൾ മിലൻ അന്ന ജോർജ്, അച്ഛന് കരൾ പകുത്തു നൽകാൻ തയ്യാറായി. ചെന്നൈയിലെ ഗ്ലോബൽ ആശുപത്രിയിൽ 2018 ജൂൺ 30ന് വിജയകരമായി ശസ്ത്രക്രിയ നടന്നു. ഡോ. മുഹമ്മദ് റെയ്ലയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘമാണ് ലാലിച്ചനെ ചികിത്സിച്ചത്. തുടർന്ന് ചെന്നൈയിലും ബംഗളൂരുവിലുമായി നീണ്ട വിശ്രമത്തിലായിരുന്ന ലാലിച്ചൻ ജോർജ് ഈ മാസമാദ്യം പാലാ പേണ്ടാനംവയലിലെ ഉഴുത്തുവാൽ വീട്ടിലെത്തി.
വിശ്രമവേളകളെല്ലാം വായനയ്ക്കായി മാറ്റി വച്ച ഈ പൊതുപ്രവർത്തകൻ ഡോക്ടർമാരുടെ അനുവാദത്തോടെ കഴിഞ്ഞ ദിവസം വീണ്ടും കർമരംഗത്തേയ്ക്കിറങ്ങി. ഭാര്യ സോളിയോടൊപ്പം സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലും പാലാ ഏരിയാ കമ്മിറ്റി ഓഫീസിലുമെത്തിയ ലാലിച്ചനെ നേതാക്കളും സഹപ്രവർത്തകരും ആഹ്ലാദപൂർവം വരവേറ്റു. സംസ്ഥാന സഹകരണ പെൻഷൻ ക്ഷേമനിധി ബോർഡ് അംഗവും ഇടനാട് സഹകരണ ബാങ്ക് ബോർഡംഗവും കൂടിയായ ലാലിച്ചൻ ചില യോഗങ്ങളിലും പങ്കെടുത്തു.