goods

തലയോലപ്പറമ്പ് : പിറവംറോഡ് റെയിൽവേ സ്റ്റേഷന് സമീപം മെറ്റിൽ നിറച്ചിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിന്റെ ബോഗികൾ കഴിഞ്ഞ ദിവസം രാത്രി 10.15 ഓടെ ബ്രേക്കും സ്റ്റോപ്പറും തകർന്ന് തനിയെ ഉരുണ്ട് പാളംതെറ്റി മറിഞ്ഞപ്പോൾ വഴിമാറിയത് വൻ ദുരന്തം. നാല് ബോഗികൾ തൊട്ടടുത്ത റോഡിലേക്കാണ് ഇടിച്ച് കയറിയത്. സമീപത്തെ ഗെയിറ്റും ഇലക്ട്രിക്ക് പോസ്റ്റുകളും തകർന്നു .ഉടൻ കെ.എസ്.ഇ.ബി.യിൽ അറിയിച്ച് വൈദ്യുതി ബന്ധം വിച്ഛേദിക്കാനായി. സ്ഥിരമായി ഇവിടെ ഇരിക്കാറുള്ള ചിലർ പോയതിന് തൊട്ടുപിന്നാലെയാണ് അപകടം ഉണ്ടായത്. സ്വകാര്യ സിമന്റ് ഫാക്ടറിയിലേയ്ക്കുള്ള റോഡിൽ പതിവിനു വിരുദ്ധമായി സംഭവ സമയത്ത് വാഹനങ്ങൾ ഇല്ലായിരുന്നു. ഇതുകൊണ്ടൊക്കെ കൂടുതൽ അപകടം ഉണ്ടായില്ല. ബോഗികൾ മറിഞ്ഞത് പ്രധാന ട്രാക്കിലല്ലാഞ്ഞതിനാൽ ട്രെയിൻ ഗതാഗതത്തിനും തടസ്സമുണ്ടായില്ല. റെയിൽവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി മെറ്റിൽ കൊണ്ടുവന്ന ഗുഡ്‌സ്‌ ട്രെയിൻ പ്രധാന ട്രാക്കിൽ നിന്ന് മാറ്റിയാണ് ഇട്ടിരുന്നത്.നാല് ബോഗിയിൽ മാത്രമാണ് മെറ്റിൽ ഉണ്ടായിരുന്നത്.എൻജിനിൽ നിന്ന് വിച്ഛേദിച്ച നിലയിലായിരുന്നു ബോഗികൾ.

ട്രെയിൻ നിങ്ങിയത് എങ്ങനെയാണെന്ന് അന്വേഷണത്തിന് ശേഷമേ പറയാൻ കഴിയൂയെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. എറണാകുളം സീനിയർ ഡിവിഷണൽ മെക്കാനിക്കൽ എൻജിനിയറുടെ നേതൃത്വത്തിലാണ് മറിഞ്ഞ ബോഗികൾ മാറ്റിയത്.