9നിയോജക മണ്ഡലങ്ങളിലും സ്വീകരണം

കോട്ടയം: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രയുടെ പര്യടനം നാളെയും മറ്റന്നാളുമായി ജില്ലയിൽ നടക്കും. നാളെ വൈകിട്ട് നാലിന് ജില്ലാ അതിർത്തിയായ മേലുകാവ് കാഞ്ഞിരം കവലയിലെത്തുന്ന യാത്രയെ ജില്ലാ നേതാക്കൾ ചേർന്ന് സ്വീകരിക്കും. 21 ന് ജില്ലയിലെ ഒൻപത് മണ്ഡലങ്ങളിലും യാത്ര പര്യടനം നടത്തും. എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി, യു.ഡി.എഫ് നേതാക്കളായ കെ.എം.മാണി, പി.കെ.കുഞ്ഞാലിക്കുട്ടി, കോൺഗ്രസ് പ്രവർത്തക സമിതി അംഗം പി.സി.ചാക്കോ, കെ.മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി.ജോസഫ് , യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എന്നിവർ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ പരിപാടികൾ ഉദ്ഘാടനം ചെയ്യും. വിളംബര ജാഥകൾ ഇന്ന് ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തും. ബൂത്ത് കമ്മിറ്റികൾ സ്വരൂപിച്ച തുക മണ്ഡലം പ്രസിഡന്റുമാ‌ർ ഏറ്റുവാങ്ങി കെ.പി.സി.സി പ്രസിഡന്റിന് കൈമാറും. ജില്ലയിലെ പര്യടനപരിപാടിയ്ക്ക് കുര്യൻ ജോയി, ജോസഫ് വാഴയ്ക്കൻ, ലതികാ സുഭാഷ്, ടോമി കല്ലാനി, അഡ്വ.ബി.ബാബുപ്രസാദ്, ജെയ്‌സൺ ജോസഫ്, അഡ്വ.പി.എ.സലിം, ഫിലിപ്പ് ജോസഫ്, ജോസി സെബാസ്റ്റ്യൻ, നാട്ടകം സുരേഷ്, ജ്യോതികുമാർ ചാമക്കാല, അഡ്വ.പി.എസ്.രഘുറാം, എ.കെ.ചന്ദ്രമോഹൻ, പ്രൊഫ.പി.ജെ.വർക്കി, മോഹൻ.കെ.നായർ, ബിജു പുന്നത്താനം, അഡ്വ.ജി.ഗോപകുമാർ തുടങ്ങിയവർ നേതൃത്വം നല്കും.