കോട്ടയം: അമിത വേഗത്തിൽ ഓടിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ച് രണ്ടു വിദ്യാർത്ഥികൾക്ക് സാരമായി പരിക്കേറ്റു. വയ്‌ക്കര മോഡൽ സ്‌കൂൾ വിദ്യാർത്ഥികളായ നാട്ടകം പാലക്കുന്നേൽ അനന്തു (19), പുളിപ്പറമ്പിൽ അഭി (16) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് മൂന്നരയോടെ എം.സി റോഡിൽ നാട്ടകം സിമന്റ് കവല ജംഗ്‌ഷനിലായിരുന്നു അപകടം. ചിങ്ങവനം ഭാഗത്തു നിന്നും വരികയായിരുന്ന കാറിന്റെ വലത് ഭാഗത്തായി വിദ്യാർത്ഥികൾ ഓടിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുന്നിലെ ടയർ പഞ്ചറാവുകയും, ഹെഡ് ലൈറ്റ് തകരുകയും ചെയ്തു. അനന്തുവിന്റെ മുഖത്തിനും, കാലിനും കൈയ്ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. അഭിയുടെ കാൽ ഒടിഞ്ഞു തൂങ്ങി. ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. രണ്ടു പേരും അപകടനില തരണം ചെയ്‌തിട്ടുണ്ട്. ചിങ്ങവനം പൊലീസ് കേസെടുത്തു.