കോട്ടയം :കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയം കേരളത്തിന് അനുവദിച്ച ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഒഫ് ഇൻഫർമേഷൻ ടെക്‌നോളജി കോട്ടയം സെന്ററിന്റെ ഉദ്ഘാടനം 20ന് ഉച്ചകഴിഞ്ഞ് 3.30 ന് കേന്ദ്രമന്ത്രി പ്രകാശ് ജവേദ്ക്കർ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. വലവൂരിൽ 55 ഏക്കർ സ്ഥലത്താണ് 200 കോടി രൂപ ചെലവിട്ട് ഐ.ഐ.ഐ.ടി കോട്ടയം സെന്ററിന്റെ കാമ്പസ് പൂർത്തിയാക്കിയിരിക്കുന്നത്. കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളേജിലും തിരുവനന്തപുരം ഐസർ കാമ്പസിലുമായാണ് താല്‍കാലിക ക്ലാസ്സുകൾ പ്രവർത്തിച്ചിരുന്നത്. ഐ.ഐ.ഐ.ടിക്ക് 5 കോടി രൂപയുടെ അടൽ ഇൻകുബേഷൻ സെന്ററിനും അനുമതി ലഭിച്ചിട്ടുണ്ട്. ഇൻകുബേഷൻ സെന്ററിനായി 10,000 ചതുരശ്ര അടിയാണ് മാറ്റിവച്ചിരിക്കുന്നത്. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇരുനൂറിലധികം വിദ്യാർത്ഥികൾ വിവിധ അക്കാഡമിക് പ്രോഗ്രാമുകൾ ചെയ്യുന്നുണ്ട്. നിലവിൽ കമ്പ്യൂട്ടർ സയൻസ്, ഇലക്‌ട്രോണിക്‌സ്, മാത്തമാറ്റിക്‌സ് എന്നീ മൂന്ന് സ്ട്രീമുകളിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, പി.എച്ച്.ഡി പ്രോഗ്രാമുകളിലേക്കുള്ള ബി.ടെക് കോഴ്‌സുകളാണ് നടത്തുന്നത്. പുലിയന്നൂരിൽ നിന്ന് വലവൂർ ഐ.ഐ.ഐ.ടിയിലേക്കുള്ള റോഡ് ആധുനിക നിലവാരത്തിലേക്ക് ഉയർത്തുന്നതിന് 17 കോടി രൂപയുടെ അനുമതിയും ലഭിച്ചിട്ടുണ്ട്. കോട്ടയത്തെ കേരളത്തിന്റെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ സയൻസ് സിറ്റി, ഇൻഡ്യൻ ഇൻസ്റ്റിറ്റൂട്ട് ഒഫ് മാസ് കമ്മ്യൂണിക്കേഷൻ, കേന്ദ്രീയവിദ്യാലയം, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്‌മെന്റ്, ഏകലവ്യ മോഡൽ റസിഡഷ്യൽ സ്‌കൂൾ തുടങ്ങിയ ദേശീയ നിലവാരമുളള നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പണിയും പുരോഗമിക്കുകയാണ്.