ചങ്ങാനാശേരി : കാസർകോട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താൽ ചങ്ങനാശേരിയിൽ ഭാഗികം. സർക്കാർ - അർദ്ധസർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിച്ചു. കെ.എസ്.ആർ.ടി.സി ബസുകളും ഓട്ടോറിക്ഷകളും സർവീസ് നടത്തി. സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. കടകമ്പോളങ്ങൾ ഭാഗികമായി തുറന്ന് പ്രവർത്തിച്ചു. ചങ്ങനാശേരിയിലെ സ്കൂളുകളും കോളേജുകളും പ്രവർത്തിച്ചില്ല. ചങ്ങനാശേരിയിൽ സുരക്ഷ കണക്കിലെടുത്ത് വിവിധ ഭാഗങ്ങളിൽ പൊലീസ് സന്നാഹം ഒരുക്കിയിരുന്നു.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ പെരുന്നയിൽ നിന്നും ആരംഭിച്ച പ്രകടനം സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് ചേർന്ന പ്രതിഷേധ യോഗം യു.ഡി.എഫ് ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് അസംബ്ലി കമ്മിറ്റി പ്രസിഡന്റ് സോബിച്ചൻ കണ്ണംമ്പള്ളി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമതി അംഗം അജിസ് ബെൻ മാത്യൂസ്, ആന്റണി കുന്നുംപുറം, എം ഡി ദേവരാജൻ, പി.എൻ. നൗഷാദ്, തോമസ് അക്കര, പി.എച്ച്. ഷാജഹാൻ തുടങ്ങിയവർ പ്രസംഗിച്ചു.